ഏക സന്താന പദ്ധതിയില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ തടിയൂരി

Posted on: December 27, 2015 11:17 pm | Last updated: December 27, 2015 at 11:17 pm

chinaബീജിംഗ്: മൂന്ന് പതിറ്റാണ്ട് കാലം പഴക്കമുള്ള ഏക സന്താന നിയന്ത്രണ നിയമം ചൈന ഔദ്യോഗികമായി പിന്‍വലിച്ചു. ജനസംഖ്യാ വര്‍ധനവ് ചൂണ്ടിക്കാട്ടി മൂന്ന് പതിറ്റാണ്ടോളമായി നിര്‍ബന്ധിച്ച് നടപ്പാക്കിയിരുന്ന ഈ പദ്ധതി കാരണമായി രാജ്യത്തെ പ്രായമായവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും യുവാക്കളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്ത പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത് പിന്‍വലിക്കുന്നത്. ഇനി മുതല്‍ ചൈനക്കാരായ ദമ്പതികള്‍ക്ക് രണ്ട് സന്താനങ്ങള്‍ ആകാമെന്ന പുതിയ നിയമം കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒക്‌ടോബറിലാണ് ഏക സന്താന പദ്ധതി അവസാനിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
1970കള്‍ മുതലാണ് ഏക സന്താനങ്ങളെന്ന കര്‍ശന നിയമില്‍ ചൈനയില്‍ നടപ്പിലാക്കി തുടങ്ങിയത്. ചൈനക്കുണ്ടായ സാമ്പത്തിക മുന്നേറ്റത്തിന്റെ കാരണമിതായിരുന്നുവെന്ന് ചൈന അവാകശപ്പെടുന്നുണ്ടെങ്കിലും തൊഴില്‍ മേഖലയില്‍ പുതിയ യുവാക്കളുടെ അഭാവം ശക്തിപ്പെടുകയും ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ഈ നിയമം വഴി ഏറ്റവും ചുരുങ്ങിയത് 40 കോടി ജനങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഈ നിയമം ലംഘിച്ചവര്‍ക്ക് സര്‍ക്കാര്‍ അധികൃതര്‍ കനത്ത പിഴ ഈടാക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുകയോ ചെയ്തിരുന്നു.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ഇവിടെ നിലവില്‍ 1.37 ബില്യണ്‍ ജനങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പ്രായമായവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതിന് പുറമെ സ്ത്രീപുരുഷ അനുപാതത്തിലും വന്‍ ഇടിവ് സംഭവിച്ചു. യുവാക്കളുടെ എണ്ണം കുറഞ്ഞതോടെ തൊഴില്‍ മേഖലകളെയും ഇത് ബാധിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ 2013ല്‍ ചെറിയ ചില പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ടുവന്നിരുന്നു.
ചൈനീസ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെ വൈകിപ്പോയെന്നും ഇപ്പോള്‍ നടപ്പിലാക്കുന്ന രണ്ട് സന്താനങ്ങളാകാമെന്ന പദ്ധതി ആപേക്ഷികമായി കുറവാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.