Connect with us

Business

നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നു; ഡിമാന്‍ഡ് കുറഞ്ഞ് റബ്ബര്‍

Published

|

Last Updated

കൊച്ചി: ചൈനയിലെ പ്രതികൂല കാലാവസ്ഥ വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. പുക മഞ്ഞിനെ തുടര്‍ന്ന് പല വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയത് റബ്ബറിന് ഡിമാന്‍ഡ് കുറച്ചു. ക്രൂഡ് ഓയിലിന്റെ വില തളര്‍ച്ച മൂലം സമ്മര്‍ദത്തില്‍ നീങ്ങുന്ന റബ്ബറിന് പുതിയ സംഭവ വികാസങ്ങള്‍ മറ്റൊരു പ്രഹരമാകും. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഇറക്കുമതി നടത്തുന്ന ചൈനയില്‍ ഡിമാന്‍ഡ് മങ്ങുന്നത് പ്രമുഖ വിപണികളുടെ കരുത്തു ചോര്‍ത്തും. ആഭ്യന്തര വിപണിയില്‍ നാലാം ഗ്രേഡ് റബ്ബര്‍ 10,200 രൂപയിലാണ്.
നാളികേരോത്പന്നങ്ങളുടെ വില ഇടിഞ്ഞു. ലോക്കല്‍ മാര്‍ക്കറ്റില്‍ എണ്ണക്ക് ഡിമാന്‍ഡ് കുറഞ്ഞ വേളയില്‍ സ്‌റ്റോക്ക് വിറ്റുമാറാന്‍ മില്ലുകാര്‍ നടത്തിയ നീക്കം വില തകര്‍ച്ച രൂക്ഷമാക്കി. ക്രിസ്മസ് ഡിമാന്‍ഡ് കണക്ക് കൂട്ടിയാണ് കാങ്കയത്തെ മില്ലുകാര്‍ വന്‍തോതില്‍ എണ്ണ വിറ്റഴിച്ചത്. വില്‍പ്പന സമ്മര്‍ദം മൂലം കൊച്ചിയില്‍ വെളിച്ചെണ്ണ 9400 ല്‍ നിന്ന് 9000 രൂപയായി. കൊപ്ര 6395 ല്‍ നിന്ന് 6140 രൂപയായി.
പ്രതികൂല കാലാവസ്ഥ മൂലം തെക്കന്‍ കേരളത്തില്‍ കുരുമുളക് വിളവെടുപ്പ് മന്ദഗതിയിലാണ്. കാര്‍ഷിക മേഖലയിലെ മൂടല്‍ ചരക്ക് സംസ്‌കരണത്തെ ബാധിക്കുന്നത് മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം കര്‍ഷകര്‍ വിളവെടുപ്പിന്റെ ആവേശം കുറച്ചത്. ക്രിസ്തുമസ് ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണം പൂര്‍ത്തിയാക്കി ഉത്തരേന്ത്യക്കാരും രംഗം വിട്ടു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,200 രൂപയിലാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഈ വാരം അടിമാലിയിലെ കര്‍ഷകര്‍ വിളവെടുപ്പിനുള്ള ഒരുക്കം തുടങ്ങും. ജനുവരി മധ്യത്തോടെ പുതിയ ചരക്ക് വില്‍പ്പനക്ക് എത്തുമെന്ന നിഗമനത്തിലാണ് ഇടപാടുകാര്‍. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് ആവശ്യക്കാരില്ല. ന്യൂഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് ജനുവരി രണ്ടാം വാരം വിദേശ വാങ്ങലുകാര്‍ രംഗത്ത് തിരിച്ച് എത്തുന്നതോടെ വിപണി വീണ്ടും സജീവമാക്കും.
സംസ്ഥാനത്ത് സ്വര്‍ണം പവന് 19,080 രൂപയിലാണ്. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1076 ഡോളറിലാണ്.

Latest