Connect with us

Gulf

പൈതൃകങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫലസ്തീന്‍ മേളക്ക് സമാപനം

Published

|

Last Updated

ദോഹ: ഫലസ്തീന്‍ ജനതയുടെ സാംസ്‌കാരീക ജീവിതത്തിന്റെ പരിച്ഛേദങ്ങള്‍ പ്രദര്‍ശിപ്പിച്ച് കതാറയില്‍ നടന്നു വന്ന ഫല്‌സ്തീന്‍ ഫെസ്റ്റിവലിനു സമാപനം. ഫലസ്തീന്റെ പൈതൃകവും പാരമ്പര്യവും കലാസാഹിത്യ ഇടപാടുകളുമുള്‍പെടെ വ്യത്യസ്ത ഭാവങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
ദോഹയിലെ ഫലസ്തീന്‍ എംബസിയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചത്. ഫലസ്തീന്‍ സംസ്‌കാരം വിശാലമായി അറബ് സംസ്‌കാരത്തിന്റെകൂടി ഭാഗമാണെന്നും സാംസ്‌കാരിക വിനിമയങ്ങള്‍ക്ക് ഇത്തരം പ്രദര്‍ശനങ്ങള്‍ വലിയ പങ്കു വഹിക്കുമെന്നും കതാറ ജന. മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.
ഫലസ്തീന്‍ ജനതക്ക് ഖത്വറിനോടുള്ള കൃതജ്ഞതയുടെ സന്ദേശം കൈമാറുന്നതുകൂടിയാണ് പ്രദര്‍ശനമെന്ന് ഖത്വറിലെ ഫലസ്തീന്‍ അംബാസിഡര്‍ മുനീര്‍ ഗാനം പറഞ്ഞു. ഈ കൃതജ്ഞത ഭരണാധികാരികള്‍ക്കും പൗരന്‍മാര്‍ക്കുമുള്ളതാണ്. ഫലസ്തീന് ഈ രാജ്യം നല്‍കുന്ന പിന്തുണക്കുള്ളതാണതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഒരു ഒലീവ് മരത്തൈ വേദിയില്‍ വെച്ച് കതാറയിലേക്ക് സംഭാവന ചെയ്തു. ഫലസ്തീന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങള്‍, ഫാഷന്‍ ഷോ, റിംഗ് ഡാന്‍സ്, നാടോടിനൃത്തം, ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ മേളയുടെ ഭാഗമായി നടന്നു. ഫലസ്തീന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടന്നു. ഫലസ്തീനിലെ വ്യത്യസ്ത പ്രദേശങ്ങളുടെ സവിശേഷതകളുള്ള ചിത്രത്തുന്നലുകളും പ്രദര്‍ശിപ്പിച്ചിരുന്നു.

Latest