അഴിമതി ആഘോഷമാക്കുമ്പോള്‍

Posted on: December 27, 2015 6:10 am | Last updated: December 27, 2015 at 12:24 am

കുംഭകോണങ്ങള്‍ക്കും അഴിമതിക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെട്ട പലരും, അധികാരത്തിന്റെ ഇടനാഴികളില്‍ കടന്നുകയറിയപ്പോള്‍ പറഞ്ഞതെല്ലാം വിസ്മരിക്കുകയും കള്ളന് കഞ്ഞിവെക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും അധികാരത്തിലേറിയാല്‍ 100 ദിവസം കൊണ്ട് വിദേശ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കോടികളുടെ കള്ളപ്പണം രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ വിസ്മൃതിയുടെ തൊട്ടിലിലാണ്. കൂടെ ഒരു ഉപദേശവും; ‘കള്ളപ്പണത്തോടുള്ള പോരാട്ടം അത്ര എളുപ്പമല്ല’ – മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് നടമാടിയിരുന്ന അഴിമതിയും കുംഭകോണങ്ങളും തങ്ങള്‍ക്കും നന്നായി വഴങ്ങുമെന്ന് കേന്ദ്ര ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ബി ജെ പി നേതൃത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യ പരീക്ഷണമാണ് ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ (ഡി ഡി സി എ) നടന്നത്. സ്‌പോര്‍ട്‌സ്- ഗെയിംസ് സംഘടനകളില്‍ അട്ടകണക്കെ കടിച്ചുതൂങ്ങി രക്തമൂറ്റുന്നവര്‍ക്ക് (പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കള്‍) പണം ഉണ്ടാക്കുന്നതിലും കാര്യങ്ങള്‍ ആഘോഷമാക്കി മാറ്റുന്നതിലും മാത്രമാണ് താത്പര്യം. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായിരുന്ന സുരേഷ് കല്‍മാഡിയായിരുന്നു സംഘാടക പ്രമുഖനെങ്കില്‍, ഡി ഡി സി എയുടെ നിയന്ത്രണം പതിറ്റാണ്ടുകളായി ബി ജെ പി നേതാവായ അരുണ്‍ ജെയ്റ്റ്‌ലിക്കായിരുന്നു. കല്‍മാഡിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് സമാനമായ ആരോപണങ്ങള്‍ തന്നെയാണ് ജെയ്റ്റ്‌ലിക്കെതിരെയും ഉയര്‍ന്നിരിക്കുന്നത്.
പൂച്ചക്കാര് മണിക്കെട്ടുമെന്ന ചോദ്യം നേരത്തെ തന്നെ ഡി ഡി സി എ കുംഭകോണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കുംഭകോണത്തില്‍ ജെയ്റ്റ്‌ലിക്കെതിരായി തെളിവുകള്‍ പുറത്തുവിട്ട ബി ജെ പി. എം പിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിക്കെതിരെ തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ കേന്ദ്ര ഭരണം കൈയാളുന്ന ബി ജെ പി നേതൃത്വമാകെ കിടിലം കൊണ്ടു. ജെയ്റ്റ്‌ലിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നിട്ടും അതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് ഒരാഴ്ച പിന്നിട്ട ശേഷമാണ്. ജെയ്റ്റ്‌ലിക്കെതിരായ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് 14 തെളിവുകളാണ് കീര്‍ത്തി ആസാദ് പുറത്തുവിട്ടത്. ഇതിന്, തനിക്കെതിരെ സി ബി ഐ അന്വേഷണത്തിനും മാനനഷ്ടക്കേസിനും ആസാദ് ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ചു. ഹവാല ആരോപണങ്ങളില്‍ നിന്നും ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി തിരിച്ചുവന്നതുപോലെ ജെയ്റ്റിലിയും കൂടുതല്‍ ശോഭയോടെ പുറത്തുവരുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. പക്ഷേ പുറത്തുവന്ന തെളിവുകള്‍ അത്ര ദുര്‍ബലമാണെന്ന് കാര്യവിവരമുള്ളവര്‍ പറയുകയില്ല.
അതിനിടയില്‍ ഡി ഡി സി എ അഴിമതി ബി ജെ പിയില്‍ കടുത്ത ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. എല്‍ കെ അഡ്വാനി, ശാന്തകുമാര്‍, യശ്വന്ത് സിഹ്ന, മുരളി മനോഹര്‍ ജോഷി എന്നിവര്‍ കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുബ്രഹ്മണ്യം സ്വാമിയും രംഗത്തുണ്ട്. കോണ്‍ഗ്രസ് മുഖം നന്നാക്കാനും ബി ജെ പിയെ കരിതേക്കുവാനും ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. അഴിമതി പുറത്തുകൊണ്ടുവന്നതിന് ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് ബി ജെ പിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ, നരേന്ദ്ര മോദി, ജെയ്റ്റ്‌ലി ത്രയങ്ങള്‍ സംഘടനാതലത്തില്‍ ശക്തരാണെങ്കിലും ഈ കുംഭകോണം പാര്‍ട്ടി പാര്‍ശ്വവത്കരിച്ച എല്‍ കെ അഡ്വാനി, യശ്വന്ത് സിഹ്ന, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരെ കൂടുതല്‍ ശക്തരാക്കിയിട്ടുണ്ട്.
കുംഭകോണങ്ങളും അഴിമതിയും പൊറുപ്പിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ ആണയിട്ട മോദി, ഇപ്പോള്‍ ദുര്‍ബലനായിരിക്കുന്നുവെന്ന് വേണം കരുതാന്‍. തുടക്കത്തില്‍ മോദിയോട് ഉണ്ടായിരുന്ന മമതയും അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസ്ഥയാണ്. അഴിമതിയിലും കുംഭകോണങ്ങളിലും കോണ്‍ഗ്രസ് ഭരണം മൂക്കറ്റം മുങ്ങിയത് ആറ് പതിറ്റാണ്ട് കൊണ്ടാണെങ്കില്‍ ബി ജെ പിക്ക് ഈ പരുവത്തിലെത്താന്‍ രണ്ട് പതിറ്റാണ്ട് പോലും വേണ്ടിവന്നില്ല. ജെയ്റ്റ്‌ലിക്ക് പ്രധാനമന്ത്രി മോദി നല്‍കുന്ന പരിരക്ഷ സ്വന്തം അണികള്‍ക്കിടയില്‍ പോലും വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാകുന്നില്ല.
ജെയ്റ്റ്‌ലിക്ക് പ്രധാനമന്ത്രിയുടെ പിന്തുണ കൂടിയായതോടെ കോണ്‍ഗ്രസില്‍ നിന്നും അവരുടെ അഴിമതികളില്‍ നിന്നും ബി ജെ പിയും പുറത്തല്ലെന്ന് സാധാരണജനങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അത് പാര്‍ട്ടിക്കും പ്രധാനമന്ത്രി മോദിക്കും ഗുണം ചെയ്യുമോയെന്ന് ചിന്തിക്കേണ്ടത് അവര്‍ തന്നെയാണ്.