Connect with us

Palakkad

നേട്ടങ്ങളുടെ പൈതൃകം വരും തലമുറക്ക് പകര്‍ന്നു നല്‍കണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Published

|

Last Updated

കുറ്റനാട്: നന്മയുടെയും സാഹോദര്യത്തിന്റെയും പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായി അവ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കി സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വെളളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ നടന്ന പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരം വരും തലമുറയിലേക്ക് പകര്‍ന്നുനല്‍കിയാല്‍ മാത്രമെ അവ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും അങ്ങനെയാവണം നാടിനെ അനുസ്മരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൈതൃകോത്സവങ്ങള്‍ നമ്മുടെ നാട്ടിലെങ്ങും ആഘോഷിക്കണം പുതുതലമുറക്ക് അത് അനുഭവവേദ്യമാക്കണം. ഡിസംബര്‍ 31വരെ നീണ്ടു നില്‍ക്കുന്ന പൈതൃകോത്സവ പരിപാടിയില്‍ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 2000ത്തോളം കലാകാരന്മാര്‍ അണിനിരക്കും. ഇന്നു മുതല്‍ എല്ലാ ദിവസവും രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് പരിപാടികള്‍. നിളാ തീരത്തുള്ള ആംഫി തീയേറ്ററിലാണ് കലാപരിപാടികള്‍ നടക്കുന്നത്.
എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന പൈതൃകോത്സവത്തില്‍ അരങ്ങേറുന്ന നാല് പരിപാടികളില്‍ മൂന്നെണ്ണം സംസ്ഥാനതല പരിപാടികളും ഒന്ന് തൃത്താല പ്രദേശത്തിന്റെ പശ്ചാലത്തിലുമായിരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച വി ടി ബലറാം എം എല്‍ എ അഭിപ്രായപ്പെട്ടു.
പട്ടികജാതി-ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യനൃത്തങ്ങള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം-വില്പന, ഗോത്രവര്‍ഗ്ഗ ഭക്ഷണമേള തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കിര്‍ത്താഡ്‌സ്, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പൈതൃകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന ഹസന്‍കുട്ടി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തകുമാരി ടീച്ചര്‍, എ കൃഷ്ണകുമാര്‍ മാസ്റ്റര്‍, ടി കെ സുനില്‍കുമാര്‍, ടി എ പ്രസാദ്, സിന്ധു രവീന്ദ്രനാഥ്, വി സുജീത, രജീഷ, സിന്ധു, വിവിധ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികളായ സി വി ബാലചന്ദ്രന്‍, വി കെ ചന്ദ്രന്‍, പി ഇ എ സലാം മാസ്റ്റര്‍, എന്‍ പി രാജന്‍, പി ടി ഹംസ, ഗോപിമേഴത്തൂര്‍, ടി കെ ഹമീദ്, എസ് ശിവന്‍ പുളിയപ്പറ്റ, സംസ്ഥാന പട്ടികജാതി ക്ഷേമ ഉപദേശക സമിതി അംഗം പ്രേംനവാസ് പ്രസംഗിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ സ്വാഗതം പറഞ്ഞു.