Connect with us

Malappuram

അധികൃതര്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല; നിര്‍ധന കുടുംബം ദുരിതത്തില്‍

Published

|

Last Updated

കാളികാവ്: വെറും ആറ് സെന്റ് മാത്രമുള്ള അഞ്ചച്ചവിടി പുളിയങ്കല്ലിലെ ആലായി നൗഷാദിന് വീട് വെക്കാന്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ല. വയലിലാണ് വീട് വെക്കുന്നതെന്ന കാരണം പറഞ്ഞാണ് അധികാരികള്‍ ഈ നിരാലംബ കുടുംബത്തെ പെരുവഴിയിലാക്കിയത്.
മനോവൈകല്യം ഉള്ള നൗഷാദിന്റെ മാതാവും വല്ല്യുമ്മയും ഉള്‍പ്പടെ ഏഴംഗ കുടുംബം ഇപ്പോള്‍ കഴിയുന്നത് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മേഞ്ഞ ഷെഡിലാണ്. മൂന്ന് വര്‍ഷം മുമ്പാണ് വീട് നിര്‍മിക്കാന്‍ ഐ എ വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കുടുംബത്തിന് അനുമതി കിട്ടിയത്. ഉടന്‍ തന്നെ ആകെയുള്ള ആറ് സെന്റ് ഭൂമിയില്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള വീട് നിര്‍മിക്കാന്‍ തറ നിര്‍മാണവും തുടങ്ങി. തറ നിര്‍മാണം കഴിഞ്ഞ് തുടര്‍ പണികള്‍ക്കായി പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോഴാണ് വീടിന് അനുമതിയില്ലെന്ന് അറിയുന്നത്. മനോരോഗമുള്ള ഉമ്മമാര്‍ ഉള്‍പ്പെടെയുള്ള നൗഷാദിനും കുടുംബത്തിനും ആകെയുള്ള ആറ് സെന്റ് സ്ഥലം രേഖയില്‍ നിലം എന്നുള്ളതാണ് പ്രശ്‌നമായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നികത്തിയതും സമീപത്തെല്ലാം വീടും റബ്ബര്‍ മരങ്ങള്‍, തെങ്ങ് തുടങ്ങിയ വന്‍ മരങ്ങള്‍ ഉള്ളതുമായ സ്ഥലമാണ് ഈ ഭൂമി. നെല്‍വയല്‍ നികത്തല്‍ നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിടക്കാര്‍ വയലുകള്‍ മണ്ണിട്ട് മൂടി കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടും നടപടി എടുക്കാത്ത അധികൃതര്‍ ഈ കുടുബത്തെ പെരുവഴിയിലാക്കിയിരിക്കുകയാണ്.
നിലം കമ്മിറ്റി അനുമതി നല്‍കിയിട്ടും ആര്‍ ഡി ഒ അനുമതി നിഷേധിച്ചിരിക്കുകയാണ്. ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ അന്തിയുറങ്ങാനുള്ള ഈ കുടുംബത്തിന്റെ ആവശ്യം വളരെ പ്രാധാന്യമുള്ളതാണെന്നും അധികൃതരുടെ ഇരട്ടത്താപ്പിനെതിരെ കലക്ടറെ സമീപിക്കുമെന്നും ആവശ്യമെങ്കില്‍ പ്രക്ഷോഭം വരെ സംഘടിപ്പിക്കുമെന്നും പഞ്ചായത്തംഗം കെ രാമചന്ദ്രന്‍ പറഞ്ഞു. നിലം കമ്മറ്റിയും പാടശേഖര കമ്മറ്റിയും ശിപാര്‍ശ ചെയ്തിട്ടും ഈ കുടുംബത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest