ഇസില്‍ ചെറുത്തു നില്‍പ്പ് ശക്തം; റമാദിയുടെ മോചനം ദുഷ്‌കരം

Posted on: December 24, 2015 11:27 pm | Last updated: December 24, 2015 at 11:27 pm

iraq-map-ramadiബഗ്ദാദ്: ഇസില്‍ തീവ്രവാദികളില്‍ നിന്ന് ഇറാഖിലെ തന്ത്രപ്രധാനമായ റമാദി നഗരം പിടിക്കുന്നത് ദുഷ്‌കരമാകുന്നു. ഏതാനും ദിവസങ്ങള്‍ക്കകം റമാദി തിരിച്ചു പിടിക്കാനാകുമെന്ന് സര്‍ക്കാറും സൈനിക വൃത്തങ്ങളും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മുന്നേറ്റം മന്ദഗതിയിലാണ്.
റമാദിയുടെ മോചനം വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇറാഖി സൈന്യവും ഇസില്‍ തീവ്രവാദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇറാഖ് സൈന്യത്തില്‍ ഗോത്ര വര്‍ഗ ഗ്രൂപ്പുകളും പ്രാദേശിക പോലീസ് സേനയും ഉള്‍പ്പെടും. യു എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സൈന്യവും ഇവര്‍ക്ക് പിന്തുണയേകുന്നു. നഗരത്തില്‍ ഏതാനും തീവ്രവാദികള്‍ മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കുഴികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്തുന്ന രീതിയാണ് ഇസില്‍ സംഘം പ്രധാനമായും പയറ്റുന്നത്. 25 ടണ്‍ വരെയുള്ള വാഹനങ്ങള്‍ ഛിന്നഭിന്നമാക്കാന്‍ ഈ കുഴി ആയുധങ്ങള്‍ക്ക് സാധിക്കും. ഇന്നലെ അദ്ദുബാത്ത് നഗരത്തില്‍ ഐ ഇ ഡികള്‍ പൊട്ടിത്തെറിച്ച് 10 ഇറാഖി ഭടന്‍മാര്‍ കൊല്ലപ്പെട്ടു. 16 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദി പിടിച്ചടക്കാന്‍ 72 മണിക്കൂറിനകം സാധിക്കുമെന്ന് പറഞ്ഞ സൈനിക നേതൃത്വം ഇപ്പോള്‍ അല്‍പ്പം പ്രതിരോധത്തിലാണ്. സൈനിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഒരു പോലെ സ്വരം മാറ്റിയിരിക്കുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒളിപ്പോരാളികള്‍, ഐ ഇ ഡികള്‍, കെട്ടിടങ്ങളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍, കുഴിച്ചിട്ട സ്‌ഫോടക വസ്തു എന്നിവയാണ് സൈന്യത്തിന്റെ വഴി മുടക്കുന്നതെന്ന് അല്‍ ജസീറ ലേഖകന്‍ പറഞ്ഞു.
അതേസമയം, ആത്മവിശ്വാസം കൈവിട്ടിട്ടില്ലെന്ന് ഇറാഖി എം പി മുഹമ്മദ് അല്‍ ഉഗെയ്‌ലി പറഞ്ഞു. ഇസില്‍ സംഘത്തിന് താളം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഏത് ദിശയില്‍ നിന്നാണ് ആക്രമണം വരുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാഗ്ദാദില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള റമാദി നഗരം മെയിലാണ് ഇസില്‍ സംഘം പിടിച്ചത്. മൂസ്വില്‍ വീണ ശേഷം സര്‍ക്കാറിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു റമാദിയുടെ പതനം.