കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതും കാത്ത്

Posted on: December 24, 2015 6:17 pm | Last updated: December 24, 2015 at 6:30 pm

kannuകണ്ണൂര്‍ വിമാനത്താവളം ചിറകുവിരിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍. പരിശോധനാ പറക്കല്‍ അടുത്ത മാസം ഉറപ്പാണെന്ന് മന്ത്രി കെ ബാബു വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി മാത്രമെ ഇക്കാര്യത്തില്‍ ആവശ്യമുള്ളു.
രണ്ടു വര്‍ഷം കൊണ്ടാണ് വിമാനത്താവള നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായത്. കണ്ണൂരിലെ ജനതയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് കാരണം. വിപി സിംഗ് മന്ത്രി സഭയില്‍ ഉപരിതല മന്ത്രിയായിരുന്നപ്പോള്‍ കര്‍ണാടകക്കാരനും മലയാളിയുമായ സി എം ഇബ്‌റാഹീം ബീജാവാപം ചെയ്ത വിമാനത്താവളമാണിത്. സര്‍വേയും സ്ഥലമെടുപ്പും അല്‍പം വൈകിയെങ്കിലും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറും ഉമ്മന്‍ ചാണ്ടി സര്‍ക്കാറും പദ്ധതിക്ക് വലിയ പരിഗണന നല്‍കി. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കക്ഷികളും പദ്ധതിക്കു വേണ്ടി ഒരുമിച്ച്, നാ#്ടുകാരുടെ ആശങ്കയകറ്റി. സ്ഥലമെടുപ്പില്‍ ഇന്ത്യക്കു തന്നെ മാതൃകയാകും വിധം തദ്ദേശീയര്‍ക്ക് പൊന്നും വില നല്‍കി. ജില്ലാതല ഉദ്യോഗസ്ഥര്‍ വിവേകത്തോടെയും കാര്യക്ഷമമായും പ്രവര്‍ത്തിച്ചു.
വിമാനത്താവള നിര്‍മാണ മേഖല തന്നെ വിനോദ സഞ്ചാര കേന്ദ്രമായി മാറി. നാട്ടുകാര്‍ കുറച്ചുകൂടി സ്ഥലം അനുവദിച്ചാല്‍ ലോകത്തിലെ തന്നെ വലിയ വിമാനത്താവളം എന്ന പദവി കണ്ണൂരിനു ലഭിക്കും.
കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് ടെര്‍മിനല്‍ നിര്‍മാണം തുടങ്ങിയത്. ഇത് പൂര്‍ത്തിയാകാന്‍ അഞ്ചു മാസം കൂടി വേണ്ടിവരും. 2016 മെയില്‍ യാത്രാവിമാനങ്ങള്‍ വന്നു പോവും. 80,000 ചതുരശ്രയടി മീറ്ററിലാണ് ടെര്‍മിനല്‍. 3050 മീറ്ററിലാണ് റണ്‍വേ.
ഒരേ സമയം 2000 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ടെര്‍മിനലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 48 ചെക്ക് ഇന്‍, 32 എമിഗ്രേഷന്‍, 16 കസ്റ്റംസ് കണ്ടറുകള്‍, നാല് കോണ്‍വെയോര്‍ബെല്‍റ്റുകള്‍ എന്നിവ ഏര്‍പ്പെടുത്തും. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) മേല്‍നോട്ടത്തിലാണ് നിര്‍മാണം. കിയാലില്‍ ഗള്‍ഫ് മലയാളികള്‍ക്ക് പങ്കാളിത്തം നല്‍കുമെന്ന് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ ഉറപ്പുനല്‍കിയിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാധാരണക്കാര്‍ അയച്ച ഡ്രാഫ്റ്റുകള്‍ സ്വീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാകുന്നത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഏവരും. മലബാറിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. കോഴിക്കോട് വിമാനത്താവളത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ കണ്ണൂരിനു കഴിയുമെന്നതിനാല്‍ ഗള്‍ഫ് മലയാളി യാത്രക്കാരുടെ പ്രതീക്ഷ പതിന്മടങ്ങാണ്.
മലബാറിലെയും ദക്ഷിണ കര്‍ണാടകയിലെയും കാര്‍ഷിക വാണിജ്യ മേഖലക്ക് ഊര്‍ജം പകരാനും കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും.