അടുത്ത വര്‍ഷം ആറു സ്മാര്‍ട് പോലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങും

Posted on: December 24, 2015 6:08 pm | Last updated: December 24, 2015 at 6:08 pm

EP-312239806ദുബൈ: അത്യാധുനിക സൗകര്യങ്ങളുള്ള ആറ് സ്മാര്‍ട് പോലീസ് സ്‌റ്റേഷനുകള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകളെയും പുരുഷന്മാരെയും ചോദ്യം ചെയ്യാനുള്ള പ്രത്യേകം സെല്ലുകള്‍, ഭരണനിര്‍വഹണ ഓഫീസുകള്‍, വെയര്‍ഹൗസുകള്‍, രക്ഷാപ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേക മുറി എന്നിവ ഉള്‍പെടുത്തിയാവും സ്മാര്‍ട് പോലീസ് സ്‌റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കുക. 29.1 കോടി ദിര്‍ഹമാണ് ഇതിനായി ചെലവഴിക്കുകയെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ഖമീസ് മത്തര്‍ അല്‍ മസീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അല്‍ ഖവനീജ്, അല്‍ അവീര്‍ എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ നിര്‍മിക്കും. ബാക്കിയുള്ള നാല് സ്റ്റേഷനുകള്‍ സ്മാര്‍ട് പോലീസ് സ്‌റ്റേഷനുകളായി പുന:സ്ഥാപിക്കും. ഇതില്‍ ബര്‍ ദുബൈ സ്റ്റേഷനും ഉള്‍പെടും. ഒമ്പത് മാസം മുതല്‍ ഒന്നര വര്‍ഷം വരെ സമയത്തിനകമാണ് ഇവ പൂര്‍ത്തീകരിക്കുക. ബര്‍ ദുബൈ സ്റ്റേഷന് മാത്രം 11 കോടി ദിര്‍ഹമാണ് ചെലവഴിക്കുക. ഇതായിരിക്കും ആദ്യം പൂര്‍ത്തീകരിക്കുന്ന പദ്ധതി. പുതുതായി നിര്‍മിക്കുന്ന സ്റ്റേഷനുകളില്‍ ഏകീകൃതമായ സുരക്ഷാ സംവിധാനമാവും യാഥാര്‍ഥ്യമാക്കുക. സ്‌റ്റേഷനുകളുടെ നിര്‍മാണം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും പോലീസ് മേധാവി വെളിപ്പെടുത്തി. സര്‍വീസസ് ആന്റ് എക്യുപ്പ്‌മെന്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് മാനേജര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഈദ് ബഖീത്തും ഒപ്പമുണ്ടായിരുന്നു.