സമ്മാനത്തുക ജീവകാരുണ്യത്തിനു നല്‍കി കലാകാരികള്‍ മാത്രകയായി

Posted on: December 24, 2015 5:03 pm | Last updated: December 24, 2015 at 5:03 pm

saudiജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സംഘടനയായ ലാലു സൗണ്ട്‌സ് ഗ്രൂപ്പ് സംഘടിപ്പിച്ച ഒപ്പന മത്സരം മൈലാഞ്ചി സീസണ്‍ ടു വില്‍ പങ്കെടുത്ത് രണ്ടും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കണ്ണമംഗലം കൂട്ടായ്മ ടീം, അവര്‍ക്ക് ലഭിച്ച സമ്മാനത്തുക കണ്ണമംഗലം പെയ്ന്‍ ആന്റ് പാലിയേറ്റീവിന് നല്കി മാത്രക കാണിച്ചു. ടീം അംഗങ്ങള്‍ക്ക് വ്യക്തിപരമായി സമ്മാനിച്ച ഈ തുക അംഗങ്ങള്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണമംഗലം പെയ്ന്‍ ആന്റ് പാലിയേറ്റീവിന് വേണ്ടി ടീം അംഗങ്ങള്‍ ഈ തുക കണ്ണമംഗലം കൂട്ടായ്മ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലത്തിന് കൈ മാറി.
മത്സര വിജയത്തിനും സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സംഭാവന നല്കിയതിനും ടീം അംഗങ്ങളെ യോഗം അഭിനന്ദിച്ചു. ഒപ്പന ടീം അംഗങ്ങളുടെ രക്ഷിതാക്കളും കണ്ണമംഗലം കൂട്ടായ്മ ഭാരവാഹികളും പങ്കെടുത്ത യോഗത്തിന് ജലീല്‍ കണ്ണമംഗലം അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പി.പി, സമദ് ചോലക്കല്‍, മജീദ് ചേറൂര്‍, അഫ്‌സല്‍ പുളിയാളി, സ്വലാഹുദ്ധീന്‍ വാളക്കുട, ഇല്യാസ് കണ്ണമംഗലം, ശിഹാബ് പുളിക്കല്‍, നിയാസ്, സാബിറ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലുങ്ങല്‍ ചെറിയ മുഹമ്മദ് സ്വാഗതവും റഹ്മത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.