സിറിയയില്‍ 200 സാധാരണക്കാര്‍ക്ക് ജീവഹാനി

Posted on: December 24, 2015 12:17 am | Last updated: December 24, 2015 at 12:17 am

AMNESTYദമസ്‌കസ്: ഒരു മാസക്കാലയളവില്‍ സിറിയയിലെ റഷ്യന്‍ ആക്രമണത്തില്‍ 200 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. സെപ്തംബര്‍ 30 മുതല്‍ നവംബര്‍ 29 വരെയുള്ള ആക്രമണങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ദൃക്‌സാക്ഷികളില്‍ നിന്ന് തെളിവെടുത്തും വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളുമായും പ്രതിപക്ഷ ഗ്രൂപ്പുകളുമായും സംസാരിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആംനസ്റ്റി വൃത്തങ്ങള്‍ അറിയിച്ചു. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ റഷ്യ ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കേണ്ടതാണെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ റഷ്യന്‍ ആക്രമണം പ്രസിഡന്റ് ബശര്‍ അല്‍അസദിനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന പാശ്ചാത്യ വാദത്തിന് ബലം പകരുന്നതും യു എന്നിലടക്കം റഷ്യന്‍ ഇടപെടലിനെതിരെ ഉപയോഗിക്കാവുന്നതുമാണ് ഈ റിപ്പോര്‍ട്ട്. അതേസമയം, ഇസില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ മാത്രമേ തങ്ങള്‍ ലക്ഷ്യം വെക്കുന്നുള്ളൂവെന്ന് റഷ്യ ആവര്‍ത്തിക്കുന്നു.
റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് വിമര്‍ശം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. വിവിധ നിരീക്ഷണ ഗ്രൂപ്പുകള്‍ അമേരിക്കന്‍ ആക്രമണവും സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളിലും സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നുണ്ടെന്ന കാര്യം അന്വേഷണ വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍അസദിന്റെ അഭ്യര്‍ഥന പ്രകാരമാണ് സെപ്തംബറില്‍ സിറിയയില്‍ സൈനിക നടപടി തുടങ്ങിയതെന്നാണ് റഷ്യ പറയുന്നത്. ഇസിലിനെ മാത്രമല്ല, പാശ്ചാത്യ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെയും തങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഹോംസ്, ഹമാ, ഇദ്‌ലിബ്, ലതാകിയ, അലപ്പോ എന്നിവിടങ്ങളിലായി സെപ്തംബര്‍ 30 മുതല്‍ നവംബര്‍ 29 വരെ റഷ്യ നടത്തിയ 25 ആക്രമണങ്ങളാണ് വിശകലന വിധേയമാക്കിയതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃക്‌സാക്ഷികളുമായി ഇന്റര്‍നെറ്റില്‍ അഭിമുഖം നടത്തിയെന്നും വീഡിയോകള്‍ പരിശോധിച്ചുവെന്നും ആയുധ വിദഗ്ധരില്‍ നിന്ന് തെളിവെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റഷ്യ വിവേചനരഹിതമായി ക്ലസ്റ്റര്‍ ബോംബടക്കം ഉപയോഗിച്ചുവെന്നും ഇവയില്‍ പലതും വന്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.
അതിനിടെ, ആംനസ്റ്റി റിപ്പോര്‍ട്ടിന്റെ കൃത്യത പരിശോധിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. സിറിയയില്‍ നടത്തുന്ന സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം വിശദമായ പ്രതികരണം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നേരത്തേ വന്ന റിപ്പോര്‍ട്ടുകളെല്ലാം റഷ്യ തള്ളിക്കളയുകയായിരുന്നു. റഷ്യയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ റിപ്പോര്‍ട്ടുകളാണ് ഇവയെല്ലാം എന്നതായിരുന്നു റഷ്യയുടെ നിലപാട്.