Connect with us

Kerala

നാടെങ്ങും നബിദിനം ആഘോഷിച്ചു

Published

|

Last Updated

തിരുവനന്തപുരം: ലോകാനുഗ്രഹി പുണ്യപ്രവാചകന്റെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ പുണ്യജന്മത്തിന്റെ സ്മരണ പുതുക്കി പ്രഭാതത്തിന് മുമ്പുതന്നെ പള്ളികളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ അരങ്ങേറിയിരുന്നു. പ്രവാചകാനുരാഗത്തില്‍ നാടാകെ ഇന്നലെ അലിഞ്ഞുചേര്‍ന്നു. പ്രകീര്‍ത്തനങ്ങളുടെ ഈണങ്ങളിലേക്കാണ് ഇന്നലെ പ്രഭാതം ഉണര്‍ന്നത്. പ്രവാചക സ്‌നേഹം പ്രതിഫലിക്കുന്ന വിപുലമായ ആഘോഷങ്ങളാണെങ്ങും സംഘടിപ്പിച്ചത്. മഹല്ലുകളും മദ്‌റസകളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളും ഘോഷയാത്രയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പുലര്‍ച്ചെ പള്ളികളില്‍ നടന്ന മൗലിദ് പാരായണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ മദ്‌റസകള്‍ കേന്ദ്രീകരിച്ച് മീലാദ് സന്ദേശ റാലികള്‍ നടന്നു. ശേഷം മദ്‌റസകളിലും മൗലിദ് പാരായണവും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മധുര പലഹാര വിതരണവും നടന്നു. പലകേന്ദ്രങ്ങളിലും ബുര്‍ദ ആസ്വാദന സദസ്സുകളും സംഘടിപ്പിച്ചിരുന്നു. എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റബീഉല്‍ അവ്വല്‍ തുടങ്ങിയതോടെ തന്നെ നാടും നഗരവും പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ നിറഞ്ഞിരുന്നു. പലയിടങ്ങളിലും പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ച് മുപ്പത് ദിവസത്തെ മൗലിദ് പാരായണ സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.