Connect with us

Gulf

നബിദിനാഘോഷം അനിവാര്യമെന്ന് യു എ ഇ മതകാര്യവകുപ്പിന്റെ ഫത്‌വ

Published

|

Last Updated

അബൂദബി: അന്ത്യപ്രവാചകരുടെ ജന്‍മം മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതില്‍ വിശ്വാസികള്‍ മതത്തിന് എതിരാകാത്ത ഏതു രീതിയിലും ആഹ്ലാദം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യു എ ഇ മതകാര്യവകുപ്പ് ഫത്‌വയില്‍ വ്യക്തമാക്കി. 63905-ാം നമ്പറായി നല്‍കിയ ഫത്‌വയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 23/12/2015ന് പ്രസിദ്ധീകരിച്ച ഫത്‌വയുടെ പൂര്‍ണ രൂപം താഴെ:
ചോദ്യം: എങ്ങിനെയാണ് നബിദിനം ആഘോഷിക്കേണ്ടത്?
മറുപടി: (ആമുഖങ്ങള്‍ക്കു ശേഷം) റസൂലിനോടുള്ള സ്‌നേഹം അല്ലാഹു നിങ്ങള്‍ക്കു വര്‍ധിപ്പിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. നബിദിനത്തില്‍ മതത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് ആഹ്ലാദവും സന്തോഷം പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്തുകൊണ്ടെന്നാല്‍ നബി ജന്മം മാനവചരിത്രത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. നബിദിനത്തിലുള്ള സന്തോഷപ്രകടനം അല്ലാഹു നല്‍കിയ റഹ്മത് (കാരുണ്യം) ഫള്ല്‍ (ഔദാര്യം) എന്നിവയിലുള്ള ആഘോഷത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു, നബിയേ പറയുക; അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കാരണമായി സന്തോഷ പ്രകടനം നടത്തുക. അവര്‍ ഒരുമിച്ചു കൂട്ടുന്നതില്‍ ഏറ്റവും ഉത്തമമായതാകുന്നു അത് (യൂസുഫ്: 58).
മേല്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഹി. 283ല്‍ അന്തരിച്ച അല്ലാമ അല്‍ തസത്തുരി (റ) പറയുന്നു; ഖുര്‍ആന്‍ പറഞ്ഞ ഔദാര്യവും അനുഗ്രഹവും കൊണ്ടുദ്ദേശം അല്ലാഹുവിന്റെ തൗഹീദും (ഏകത്വം) തിരുനബി (സ്വ)യുമാണ്. തിരുനബി (സ്വ) പ്രപഞ്ചത്തിന് തന്നെ അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ (അല്‍ അമ്പിയാഅ്: 107) വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ രൂപം മതത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ല. വ്യത്യസ്ത സ്ഥലത്തും സമൂഹത്തിലും ഇക്കാര്യത്തില്‍ നല്ല പതിവുകള്‍ നടന്നുവരുന്നുണ്ട്. പുതുവസ്ത്രം ധരിക്കുകയും അന്നദാനം നടത്തുകയും ചെയ്യുകയെന്നതും പ്രത്യേക സദസ്സുകള്‍ സംഘടിപ്പിച്ച് അതില്‍ പ്രകീര്‍ത്തനങ്ങള്‍ നടത്തുകയും തിരുദൂതരുടെ ചരിത്രങ്ങള്‍ അനുസ്മരിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നതും അതില്‍ ചിലത് മാത്രമാണ്.
പ്രവാചകരെക്കുറിച്ചും അവിടുത്തെ ചര്യകളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയും അത് പിന്‍പറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യാന്‍ ആഘോഷങ്ങള്‍ക്കു കഴിയും. തിരുദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (അല്‍ അഹ്‌സാബ്: 21) വ്യക്തമാക്കിയിട്ടുണ്ട്. നബിദിനത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നത് ഏറ്റവും വലിയ കര്‍മവും മതപരമായ നല്ല ചടങ്ങുകളില്‍ പെട്ടതും ഈ സമുദായത്തിന് തങ്ങളുടെ റസൂലിനോടുള്ള സ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവുമാണ്.

Latest