Connect with us

Gulf

നബിദിന, ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഉണരുമ്പോള്‍

Published

|

Last Updated

മീലാദ് പരിപാടിയില്‍ നിന്ന് (ഫയല്‍)

ഗള്‍ഫില്‍ പലയിടത്തും നബിദിനാഘോഷം. യു എ ഇയില്‍ നാളെ പൊതു അവധിയാണ്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ എങ്ങും അലയടിക്കും. ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ച് ഭീകരതക്ക് വേണ്ടി ചിലര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നീക്കം കൂടിയാണ് ആഘോഷപ്പൊലിമ.
നാട്ടില്‍, പലസ്ഥലങ്ങളിലും മറ്റന്നാളായിരിക്കും നബിദിനാഘോഷം. “റബീഉല്‍ അവ്വല്‍”മാസപിറവിയോടെ തന്നെ മസ്ജിദുകളിലും ഭവനങ്ങളിലും പ്രവാചക ശ്രേഷ്ഠന്റെ മഹത്വങ്ങള്‍ അവതരിപ്പിക്കുന്ന പ്രകീര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പൊതുപരിപാടികള്‍ ഏറെയും വെള്ളിയാഴ്ചയാണ്. മദ്‌റസ വിദ്യാര്‍ഥികളുടെ കലാവിരുന്നുകളും അലങ്കാരങ്ങളും നാടിനെയും നഗരങ്ങളെയും സജീവമാക്കും.
മലബാറില്‍ ഓരോ വീട്ടിലും മാറിമാറി “മൗലൂദ്”പാരായണങ്ങള്‍ ഒഴിച്ചുകൂടാത്തതാണ്. പരിസരവാസികളെ ക്ഷണിച്ച് വിഭവ സമൃദ്ധമായ സദ്യകളോടെയാണ് സദസുകള്‍. നാടിന്റെ സാഹോദര്യത്തിനുള്ള അരങ്ങായി അവ മാറും. “മൗലീദ്” കാലത്ത് ബന്ധുക്കളും ഉറ്റവരും പാരസ്പര്യം പുതുക്കുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകരമാണ്.
നബിദിനാഘോഷം കണക്കിലെടുത്ത് യു എ ഇ ഭരണകൂടം വലിയ ഒരുക്കങ്ങളാണ് നടത്തിയത്. ഡിസം 24ന് വ്യാഴം പൊതു അവധി ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം നടത്തി. വാരാന്ത്യ അവധികൂടി കണക്കിലെടുക്കുമ്പോള്‍ ഫലത്തില്‍ മൂന്നു ദിവസമാണ് അവധി. ഡിസംബര്‍ 27 ഞായറാണ് ഓഫീസുകള്‍ തുറക്കുക. ദുബൈ ആര്‍ ടി എ, പ്രത്യേക പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യച്ചന്തയില്‍ ഒഴികെ പാര്‍ക്കിംഗ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗജന്യമായിരിക്കും.
വ്യാഴം പൊതു അവധി ആയതിനാല്‍ മെട്രോ റെയില്‍ ചുകപ്പു പാതയില്‍ രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ ഒന്നുവരെ ഇടതടവില്ലാതെ ട്രെയിന്‍ ഓടും. പച്ചപ്പാതയില്‍ രാവിലെ 5.50 ഓടെയാണ് തുടങ്ങുക. പൊതു ബസുകള്‍ പുലര്‍ച്ചെ 4.25ന് തുടങ്ങും. പിറ്റേദിവസം പുലര്‍ച്ചെവരെ സര്‍വീസ് തുടരും. ഏറെ ആകര്‍ഷകമായ സി വണ്‍ റൂട്ട് 24 മണിക്കൂറും ഉണ്ടാകും. മാളുകള്‍ കേന്ദ്രീകരിച്ചുള്ള ഫീഡര്‍ ബസുകളും സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
നബിദിനാഘോഷത്തിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച ക്രിസ്മസാണ്. ക്രിസ്തീയ ഭവനങ്ങളും ചര്‍ച്ചുകളും നക്ഷത്ര വിളക്കുകള്‍ കൊണ്ട് തിളങ്ങി നില്‍ക്കുന്നു. വ്യാഴം നബിദിന പൊതു അവധി ലഭിക്കുന്നതോടെ ക്രിസ്ത്യന്‍ സമുദായത്തിനും രണ്ടു ദിവസത്തെ ആഘോഷമായി.