ഇന്ത്യ- റഷ്യ ഉച്ചകോടി: പ്രധാനമന്ത്രി മോസ്‌കോയിലേക്ക് തിരിച്ചു

Posted on: December 23, 2015 5:54 am | Last updated: December 23, 2015 at 2:04 pm

Modi to Moscowന്യൂഡല്‍ഹി: പതിനാറാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോയിലേക്ക് തിരിച്ചു.ഇന്ത്യ- റഷ്യ സഹകരണം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനം ഉതകുമെന്ന് യാത്രതിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക, ഊര്‍ജ, സുരക്ഷാ മേഖലകളില്‍ റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാര്‍ അടക്കം നിരവധി വ്യാപാര, നയതന്ത്ര കരാറുകളില്‍ റഷ്യയും ഇന്ത്യയും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ ഉഫയില്‍ നടന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷണാഫ്രിക്ക) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനുമായി ചര്‍ച്ച നടത്തിയ ശേഷം ഇതാദ്യമായാണ് ഇരുവരും കാണുന്നതെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് പുടിന്‍ ആതിഥ്യമരുളുന്ന സ്വകാര്യ വിരുന്നോടെയാകും മോദിയുടെ റഷ്യന്‍ സന്ദര്‍ശനം ആരംഭിക്കുക. ഔദ്യോഗിക കൂടിക്കാഴ്ച നാളെയാകും നടക്കുക. ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വ്യവസായ പ്രമുഖരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് മോസ്‌കോയിലെ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിച്ച ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. റഷ്യന്‍ ദുരിതാശ്വാസ മാനേജ്‌മെന്റ് ഏജന്‍സിയായ എമര്‍കോമിന്റെ ആസ്ഥാനം മോദി സന്ദര്‍ശിക്കും. ഇവിടെ ഏറ്റവും പുതിയ ദുരിതാശ്വാസ സാങ്കേതിക വിദ്യകള്‍ മോദി പരിചപ്പെടും.
റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. പ്രതിരോധം, ആണവ സഹകരണം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലലകളിലെല്ലാം ഇരു രാജ്യങ്ങളും നിരന്തരം സഹകരണം തുടര്‍ന്നു വരികയാണ്. മോദി- പുടിന്‍ കൂടിക്കാഴ്ച ഈ ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. 2104 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ- റഷ്യ ഉച്ചകോടിയില്‍ മോദിയും പുടിനും ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനായി അന്നെടുത്ത തീരുമാനങ്ങള്‍ എത്രമാത്രം മുന്നോട്ട് പോയെന്ന് ഇരു നേതാക്കളും മോസ്‌കോയില്‍ വിലയിരുത്തും. ഈ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ദ്രഴ്ബ ദോസ്തി എന്ന പേരില്‍ നയരേഖ പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരം 1000 കോടി ഡോളറിന്റെതാണ്. ഇത് അടുത്ത പത്ത് വര്‍ഷത്തിനകം 3,000 കോടി ഡോളര്‍ ആക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് ഇത്തവണത്തെ കൂടിക്കാഴ്ചയിലെ മുഖ്യ അജന്‍ഡ വ്യാപാര സഹകരണം തന്നെയായിരിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിക്ഷേപം 11,00 കോടി ഡോളറിന്റെതാണ്. ഇത് 2025ഓടെ 3000 കോടി ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നാരംഭിക്കുന്ന റഷ്യന്‍ പര്യടനത്തിനിടെ, കൂടംകുളം ആണവ നിലയത്തിന്റെ അഞ്ചും ആറും യൂനിറ്റ് സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ ആണവ ഏജന്‍സിയായ റൊസാറ്റത്തിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നികോലായി സ്പാസ്‌കി ഈ മാസം ഏഴ്, എട്ട് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ആറ്റോമിക് എനര്‍ജി ഡയറക്ടറേറ്റ് സെക്രട്ടറി ശേഖര്‍ ബസുവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കൂടുംകുളത്തെ അഞ്ച്, ആറ് നിലയങ്ങളാണ് ചര്‍ച്ചാ വിഷയമായതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.