തൊഴില്‍ അവസരങ്ങളുടെ ജാലകം തുറന്ന് എംപ്ലോയിബിലിറ്റി സെന്ററുകള്‍

Posted on: December 23, 2015 5:21 am | Last updated: December 23, 2015 at 12:22 am

മലപ്പുറം: തൊഴില്‍ അവസരങ്ങളുടെ ജാലകം തുറക്കാന്‍ സംസ്ഥാനത്തെ രണ്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ കൂടി എംപ്ലോയിബിലിറ്റി സെന്ററുകളാക്കി മാറ്റുന്നു. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളാണ് ഈ സാമ്പത്തിക വര്‍ഷം ഈ രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. സര്‍ക്കാര്‍ ജോലികളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിയമനം കുറഞ്ഞതോടെ സ്വകാര്യമേഖലയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായിട്ടാണ് മുഖംമിനുക്കുന്നത്.
എട്ട് ജില്ലകളില്‍ ഇതിനകം ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞു. എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ എംപ്ലോയിബിലിറ്റി സെന്ററുകളാക്കി മാറ്റിയിരുന്നു. ഇവിടങ്ങളിലെ പ്രവര്‍ത്തനം വിജയകരമായതിനെ തുടര്‍ന്നാണ് മറ്റു ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്തി അവരെ അതാത് ജോലികളിലേക്ക് യോഗ്യതയുളളവരാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ പരിശീലനങ്ങളും ഈ കേന്ദ്രങ്ങള്‍ വഴി നല്‍കും. ആശയവിനിമയം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യു, എന്നിവക്കൊപ്പം ഓരോ തസ്തികകള്‍ക്കും വേണ്ട അധിക പരിശീലനവും നല്‍കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് പിന്നീട് എംപ്ലോയിബിലിറ്റി സെന്ററുകളിലെ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍വഹിക്കുന്ന തരത്തിലേക്ക് മാറ്റും.
750 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി ഇപ്പോള്‍ ഈടാക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും നേരിട്ടും എംപ്ലോയിബിലിറ്റി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗാര്‍ഥികളെ കണ്ടെത്താം. ജോബ് ഫെസ്റ്റുകള്‍ നടത്തി അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനും അവസരമുണ്ടാകും. കൂടാതെ, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സംരംഭങ്ങള്‍ തുടങ്ങുന്നതിനുമുള്ള സഹായങ്ങളും നല്‍കും. ജോബ് ക്ലബ്, കിസ്‌റു എന്നീ പദ്ധതികളിലൂടെയാണ് സഹായം നല്‍കുക. ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുക.
അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നതിനായി ശരണ്യ പദ്ധതിയും നിലവിലുണ്ട്. തൊഴില്‍ നല്‍കുക മാത്രമല്ല തൊഴില്‍ ലഭിച്ചവര്‍ക്ക് കൃത്യമായ ജോലിയും വേതനവും ഉണ്ടോ എന്നും പരിശോധിക്കാനുള്ള സംവിധാനം സെന്ററിന് കീഴില്‍ തുടങ്ങാനുള്ള ആലോചനയും നടക്കുന്നുണ്ട്. നിലവില്‍ 44 ലക്ഷം പേരാണ് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ടിരിക്കുന്നത്. എന്നാല്‍, ഓരോ വര്‍ഷവും 11,000 പേര്‍ക്ക് മാത്രമാണ് താത്കാലിക ജോലി നല്‍കാന്‍ കഴിയുന്നത്.
മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത് മൂന്നേകാല്‍ ലക്ഷം പേരാണ്. ഈ വര്‍ഷം മാത്രം 26,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.