ദുബൈയില്‍ നിന്ന് സോഫക്കുള്ളിലാക്കി കടത്തിയ ഒന്നരക്കോടിയുടെ സിഗരറ്റ് പിടികൂടി

Posted on: December 23, 2015 5:20 am | Last updated: December 23, 2015 at 12:20 am

കളമശ്ശേരി: ദുബൈയില്‍ നിന്ന് സോഫയുടെ ഉള്ളില്‍ ഒളിപ്പിച്ച് കണ്ടെയ്‌നറില്‍ കടത്തിക്കൊണ്ടുവന്ന ഒന്നരക്കോടിയോളം രൂപ വരുന്ന സിഗരറ്റ് കസ്റ്റംസ് പിടികൂടി. കേസില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ജമാലിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ ഏലൂരിലെ കെ എസ് ഐ ഇ കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്.
വിവിധ തരത്തിലുള്ള 1800ഓളം പായ്ക്കറ്റ് സിഗരറ്റുകളാണ് കണ്ടെടുത്തത്. പിടിയിലായ അബ്ദുല്‍ജമാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ കൂട്ടാളികളാണ് ഇത് ചെയ്തതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യത്തെ 20 ഫീറ്റ് കണ്ടെയ്‌നറില്‍ നിന്ന് 2000 പായ്ക്കറ്റ് സിഗരറ്റ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിടാതെ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഇതേ ഏജന്‍സിയുടെ രണ്ട് കണ്ടെയ്‌നറുകള്‍ നേരത്തെ ഇറക്കുമതി ചെയ്ത് ലോറികളില്‍ കയറ്റി പോയിട്ടുണ്ട്.
പിടിച്ചെടുത്ത സിഗരറ്റ് പായ്ക്കറ്റുകള്‍ സീല്‍ ചെയ്ത് കെ എസ് ഐ ഇയില്‍ സൂക്ഷിച്ചിരിക്കുകയാണ്.