ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Posted on: December 22, 2015 9:08 am | Last updated: December 22, 2015 at 12:07 pm

Juvenile-Justiceന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ തടവ് ദീര്‍ഘിപ്പിക്കാനാകാത്തത് നിയമത്തിന്റെ അഭാവമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭ ബില്‍ പരിഗണനക്കെടുക്കുന്നത്. ധനമമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിലാണ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത്. പ്രതിപക്ഷം സഹകരിച്ചാല്‍ ബില്‍ പാസാക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയില്‍ പ്രായമുള്ളവരെ മുതിര്‍ന്നവര്‍ക്ക് ബാധകമായ നിയമപ്രകാരം തന്നെ വിചാരണ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ജുവനൈല്‍ ജസ്റ്റിസ് നിയമം 2014 ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്‍ നോട്ടീസ് നല്‍കിയിരുന്നു.

പല ബില്ലുകളും ചര്‍ച്ച ചെയ്യമ്പോള്‍ ജുവനൈല്‍ ബില്ലിന്റെ കാര്യത്തില്‍ നടപടിയൊന്നുമില്ലെന്നും ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി. സഭയുടെ പുറത്ത് എന്താണ് സംഭവിക്കുന്നതെന്നതുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബില്‍ പൂര്‍ണമല്ലെങ്കിലും സഭ ഇത് പാസ്സാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി സമയങ്ങളില്‍ ബില്‍ ചര്‍ച്ചക്കായി ലിസ്റ്റ് ചെയ്തിരുന്നുവെന്ന് പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. സര്‍ക്കാറും പ്രതിപക്ഷവും യോജിപ്പിലെത്തിയാല്‍ ഇന്ന് ബില്‍ ചര്‍ച്ച ചെയ്യാമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ വ്യക്തമാക്കിയിരുന്നു.