വടി കൊടുത്ത് ജെയ്റ്റ്‌ലി വാങ്ങുന്ന അടി

Posted on: December 22, 2015 6:00 am | Last updated: December 21, 2015 at 11:50 pm

SIRAJ.......കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് മുന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ കീര്‍ത്തി ആസാദ്്യൂഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങള്‍. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ 2012ലെ ജനറല്‍ ബോഡി യോഗത്തിന്റേതാണ് വീഡിയോകളിലൊന്ന്. അസോസിയേഷന്റെ പണമിടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി അന്ന് യോഗം നിയന്ത്രിച്ചിരുന്ന ജെയ്റ്റ്‌ലിയോട് കീര്‍ത്തി ആസാദും മറ്റു ചിലരും ചൂണ്ടിക്കാട്ടിയപ്പോള്‍, തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്ന മറുപടിയിലൂടെ, അന്ന് അഴിമതിക്കാര്‍ക്ക് ജെയ്റ്റ്‌ലി ചൂട്ടുപിടിക്കുകയായിരുന്നുവെന്നാണ് ഈ വീഡിയോ ക്ലിപ്പ് കാണിക്കുന്നത്. ജെയ്റ്റ്‌ലിയായിരുന്നു അക്കാലയവളവില്‍ അസോസിയേഷന്റെ മേധാവി. ജെയ്റ്റ്‌ലിക്കെതിരെ പരസ്യമായി രംഗത്ത് വരരുതെന്ന് കീര്‍ത്തിയോട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നെങ്കലും അത് മുഖവിലക്കെടുക്കാതെയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ തെളിവുകള്‍ നിരത്തിയത്.
ഡി ഡി സി എയുടെ അഴിമതികള്‍ സാധൂകരിക്കുന്ന ചില ഒളിക്യാമറ ദൃശ്യങ്ങളും കീര്‍ത്തി ആസാദ് പുറത്തു വിടുകയുണ്ടായി. വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സംഘം നടത്തിയ ഈ ഓപറേഷനിലെ സംഭാഷണങ്ങള്‍, സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ടും മറ്റും അസോസിയേഷന്‍ കരാര്‍ നല്‍കിയത് വ്യാജ കമ്പനികള്‍ക്കായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 87 കോടിയുടെ കരാറാണ് മേല്‍ കമ്പനികള്‍ക്ക് അസോസിയേഷന്‍ നല്‍കിയത്. ഈ സ്ഥാപനങ്ങള്‍ നടത്തിയതായി പറയുന്ന പ്രവൃത്തികളുടെ കണക്കുകളും അവിശ്വസനീയമാണ്. നാല് കക്കൂസുകള്‍ നിര്‍മിക്കാനുള്ള ചിലവ് നാലരക്കോടി രൂപ വരും. ഒരു ലാപ്‌ടോപിന് 16,000 രൂപയും പ്രിന്ററിന് 3,000 രൂപയുമാണ് ദിവസ വാടക നിരക്ക് കാണിച്ചിരിക്കുന്നത്. കരാറുകള്‍ നല്‍കുന്നതിനു മുമ്പായി ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ കാറ്റില്‍ പറത്തിയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രവൃത്തികള്‍ക്ക് കരാര്‍ നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കീര്‍ത്തി ആസാദ് ആവശ്യപ്പെടുകയുണ്ടായി.
അഴിമതിക്കാര്‍ക്ക് ജെയ്റ്റ്‌ലി കൂട്ടുനിന്നുവെന്നു മാത്രമല്ല, ഇതുസംബന്ധമായ തെളിവുകള്‍ നശിപ്പിക്കാനാണ് ഡല്‍ഹിയിലെ തന്റെ ഓഫീസില്‍ സി ബി ഐയെ കൊണ്ട് റെയ്ഡ് നടത്തിച്ചതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത ഫയലുകളില്‍ ഡി ഡി സി എ ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകളും ഉള്‍പ്പെട്ടിരുന്നുവത്രെ. ഇതോടെ ഡല്‍ഹി റെയ്ഡ് ജെയ്റ്റ്‌ലിയെയും ബി ജെ പിയെയും തിരിഞ്ഞു കുത്തുകയാണ്. പ്രധാനമന്ത്രിയുടെ വലംകൈയും വിശ്വസ്തനുമായാണ് ജെയ്റ്റ്‌ലി അറിയപ്പെടുന്നത്. നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രതിരോധത്തിലാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതിനിടെയാണിപ്പോള്‍ ഡി ഡി സി എ അഴിമതിയെ ചൊല്ലി ജെയ്റ്റ്‌ലിയും പാര്‍ട്ടി നേതൃത്വവും സ്വയം പ്രതിരോധത്തിലായിരിക്കുന്നത്. ബി ജെ പിയിലെ തന്നെ പ്രമുഖനാണ് തെളിവുകളുമായി രംഗത്തെത്തിയതും. അതുകൊണ്ട് തന്നെ, രാഷ്ട്രീയ വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തിയതുകൊണ്ടോ കെജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് കൊണ്ടോ ജയ്റ്റ്‌ലിക്ക് തടിയൂരാനാകില്ല. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ കീര്‍ത്തി ആസാദ് വെല്ലുവിളിച്ചിട്ടുണ്ടെന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
വീക്കിലീക്‌സ് പുറത്തുവിട്ട ദൃശ്യങ്ങള്‍ കേസില്‍ ജയ്റ്റ്‌ലിയുടെ പങ്കിനെ നേരിട്ട് വെളിപ്പെടു ത്തുന്നില്ലെങ്കിലും അസോസിയേഷന്റെ പേരില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ അദ്ദേഹം ഡി ഡി സി എ അധ്യക്ഷന്‍ പദവിയിലിരിക്കുന്ന കാലയളവിലായിരുന്നതിനാല്‍ സംഭവങ്ങളില്‍ അദ്ദേഹത്തിന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. അഴിമതി നടത്തുന്നത് പോലെ ഗുരുതരമാണ് അഴിമതിക്കാരെ സംരക്ഷിക്കുന്നതും. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത് പോലെ, കേന്ദ്രത്തിലെ പ്രമുഖ വകുപ്പായ ധനകാര്യം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ജയ്റ്റ്‌ലി എന്നതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കുയാണ് ഉചിതം.
കായിക രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്താനും ഇന്ത്യന്‍ കായിക താരങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ബാധ്യതപ്പെട്ട കായിക സംഘടനകളും മേധാവികളും ലക്ഷ്യം വിസ്മരിച്ചു അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്ന വസ്തുത ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഡി ഡി സി എയിലെ അഴിമതിക്കഥകള്‍. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെയും നടത്തിപ്പില്‍ വന്‍ക്രമക്കേടുകളാണ് നടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിതിക്കേസില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാല് ഉദ്യോഗസ്ഥര്‍ക്കും കരാര്‍ നേടിയ സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ക്കും ഡല്‍ഹി പ്രത്യേക സി ബി ഐ കോടതി തടവ് ശിക്ഷ വിധിച്ചത് മൂന്ന് മാസം മുമ്പാണ്. രജ്യത്തെ കായിക മേഖലയില്‍ സമൂലമായ ഉടച്ചു വാര്‍ക്കലും ശുദ്ധീകരണവും അനിവാര്യമാണെന്നാണ് നാറുന്ന ഇത്തരം അഴിമതിക്കഥകള്‍ ബോധ്യപ്പെടുത്തുന്നത്.