Connect with us

Malappuram

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങി

Published

|

Last Updated

നിലമ്പൂര്‍: കാലങ്ങളായുള്ള മുറവിളികള്‍ക്കൊടുവില്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നിന്നും മോചനമായി. മഞ്ചേരി റോഡില്‍ എ ഇ ഒ ഓഫീസിന് സമീപത്ത് തന്നെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ കെട്ടിടമൊരുങ്ങിയിട്ടുള്ളത്.
മന്ത്രി എ പി അനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, പി എക്കുമുള്ള പ്രത്യേക ക്യാബിനുകള്‍, ക്ലര്‍ക്കുമാര്‍ക്കുള്ള മുറി, എസ് എസ് എല്‍ സി ചോദ്യപേപ്പറുകളടക്കം സൂക്ഷിക്കാനുള്ള സ്‌ട്രോംഗ് റൂം, ലിവിംഗ് റൂം, ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ക്കുള്ള മുറി, എന്നിവയാണ് താഴെ നിലയിലുള്ളത്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. അറുപത്തിമൂന്ന് ഹൈസ്‌കൂളുകളും, വണ്ടൂര്‍, നിലമ്പൂര്‍, അരീക്കോട്, മേലാറ്റൂര്‍ ഉപജില്ലകളും ഉള്‍കൊള്ളുന്ന വണ്ടൂര്‍ വിദ്യാഭ്യാസ ഓഫീസ് വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വണ്ടൂര്‍ ടി ബി പരിസരത്തുള്ള ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തത് ജീവനക്കാരടക്കമുള്ളവര്‍ക്ക് ഏറെ ദുരിതമായിരുന്നു. കെട്ടിട പരിമിതി അവസാനിച്ചെങ്കിലും മതിയായ ജീവനക്കാരില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ഇരുപത് ജീവനക്കാര്‍ വേണ്ടിടത്ത് പതിനാല് പേര്‍ മാത്രമാണ് നിലവിലുള്ളത്.
ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവിശ്യപെട്ട് വിവിധ അധ്യാപക സംഘടനകളും, നേതാക്കളും പലപ്പോഴായി നിരവധി പരാതികള്‍ നല്‍കിയിരുന്നു. ജനുവരി ഒന്നിനു മന്ത്രി എ പി അനില്‍കുമാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. പി കെ ബശീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ ആളുകളെ ഉള്‍കൊള്ളിച്ച് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.