കെ എസ് ആര്‍ ടി സി: ഡ്രൈവര്‍മാരില്ലാത്തതിനാല്‍ യാത്രകള്‍ മുടങ്ങുന്നു

Posted on: December 21, 2015 10:15 am | Last updated: December 21, 2015 at 10:15 am
SHARE

കോഴിക്കോട്: ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്താത്തതിലൂടെയും നിലവിലുള്ള ഡ്രൈവര്‍മാര്‍ കൃത്യമായി ജോലിക്കു ഹാജരാകാത്തതും മൂലം കെ എസ് ആര്‍ ടി സിക്ക് ദിനം ലക്ഷങ്ങളുടെ നഷ്ടം. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ദിവസേന ശരാശരി 85 ഓളം ഷെഡ്യൂളുകള്‍ മുടങ്ങുന്നതിലൂടെ പത്തേക്കാല്‍ ലക്ഷം രൂപയാണു ഈയിനത്തില്‍ മാത്രം ഒരു ദിവസം നഷ്ടമാകുന്നത്.
പുതുതായി നികത്തപ്പെടാത്ത നാനൂറിലധികം ഒഴിവുകളാണുള്ളത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ദീര്‍ഘദൂര സര്‍വീസുകളില്‍ കെ എസ് ആര്‍ ടി സിയുടെ സര്‍വീസുകള്‍ പോലും ഇക്കാരണത്താല്‍ മുടങ്ങുന്നത് പതിവാണ്. മികച്ച സര്‍വീസുകള്‍ ലക്ഷ്യമിട്ട് ജന്റം ബസുകളടക്കം നിരവധി പുതിയ ബസുകള്‍ ഗതാഗത വകുപ്പ് നിരത്തിലിറക്കിയിരുന്നെങ്കിലും ഡ്രൈവര്‍മാരില്ലാത്തത് കാരണം ചില ലാഭകരമായ സര്‍വീസുകള്‍ പോലും ഇത് വരെ നടത്താന്‍ കെ എസ് ആര്‍ ടി സി ക്ക് കഴിഞ്ഞില്ല.
കെ എസ് ആര്‍ ടി സിയുടെ ചില ഡിപ്പോകളില്‍ പുതിയ സര്‍വീസുകളും ചെയിന്‍ സര്‍വീസുകളും ആരംഭിക്കാന്‍ വേണ്ടി ജനപ്രതിനിധികള്‍ മുഖേന നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലെന്ന പ്രശ്‌നത്താല്‍ ഇത് ഇപ്പോള്‍ നടത്താനാവില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ കല്‍പറ്റ ഡിപ്പോയില്‍ നിന്ന് യാത്രാ പ്രശ്‌നം ഏറെയുള്ള മുണ്ടേരി-മണിയംങ്കോട്, കോക്കുഴി-കോട്ടത്തറ, വണ്ടിയംമ്പറ്റ-കബ്ലക്കാട് എന്നിവിടങ്ങളിലേക്കും തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് വടകരയിലേക്കുള്ള ചെയിന്‍ സര്‍വീസുകളുമാണ് ഇവയില്‍ ഏറ്റവു പ്രധാനപ്പെട്ടത്. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് ആറ് ഷെഡ്യൂളുകളുള്ള വടകരയിലേക്കുള്ള ചെയിന്‍ സര്‍വീസും കാലങ്ങളായുള്ള ആവശ്യമാണ്. ഇതില്‍ കല്‍പറ്റ ഡിപ്പോയില്‍ സാധ്യതാ പഠനം നടത്തിയിരുന്നുവെങ്കിലും ജീവനക്കാരുടെയും, ബസുകളുടെയും കുറവാണ് ഇതിന് തടസമായതെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പുതിയ ഡ്രൈവര്‍മാരും ബസും എത്തിയാല്‍ മാത്രമേ സര്‍വീസ് തുടങ്ങാന്‍ കഴിയുകയൊള്ളന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
നഷ്ടത്തിന്റെ കണക്കുകള്‍ പെരുകുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടാവുന്ന കാര്യങ്ങളില്‍ പോലും അധികൃതര്‍ അടിയന്തിരമായി ശ്രദ്ധ കൊടുക്കാത്തതിനാല്‍ ലാഭകരമായ കെ എസ് ആര്‍ ടി സി എന്ന സ്വപ്‌നങ്ങള്‍ ഇപ്പോഴും അസ്ഥാനത്തു തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here