സ്‌കൂളില്‍ വാതക ചോര്‍ച്ച; വന്‍ദുരന്തം ഒഴിവായി

Posted on: December 21, 2015 10:13 am | Last updated: December 21, 2015 at 10:13 am

കോഴിക്കോട്: അത്താണിക്കല്‍ ഗാര്‍ഡിയന്‍ സ്‌കൂളിലെ അടുക്കളയില്‍ കയറി പതിനാലുകാരന്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടത് സ്‌കൂള്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ട് തക്കസമയത്ത് ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വന്‍ ദുരന്തമുണ്ടായേക്കാവുന്ന സംഭവമായിട്ടും പോലീസ് ഇതുവരേയും കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പതിനാലുകാരനായ വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്. ഇവിടെ ശുചീകരണ പ്രവൃത്തി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികള്‍ കുട്ടിയോട് എന്തിനാണ് വന്നതെന്നന്വേഷിച്ചിരുന്നു. സ്‌കൂളിലെ ആയയുടെ മകനാണെന്നും കൊടുവാള്‍ വെക്കാനാണ് വന്നതാണെന്നും കുട്ടി മറുപടി പറഞ്ഞു. ഇപ്രകാരം കുട്ടി അടുക്കളയില്‍ കയറുകയായിരുന്നു.
തൊഴിലാളികള്‍ക്കു വേതനം നല്‍കാന്‍ സ്‌കൂള്‍ സെക്രട്ടറി അമ്പലത്തുകളുങ്ങര സ്വദേശി രജിത്‌ലാല്‍ എത്തിയപ്പോഴാണ് ഗ്യാസ് ചോര്‍ച്ചയുടെ ഗന്ധം മനസിലായത്. ഉടന്‍ തന്നെ അടുക്കളയിലെത്തി ഗ്യാസ് സ്റ്റൗ പരിശോധിച്ചപ്പോള്‍ ഗ്യാസ് തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഗ്യാസിന്റെ വാല്‍വ് പൂട്ടുകയും വാതിലുകള്‍ തുറന്നിടുകയുമായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ഗ്യാസ് പൂര്‍ണമായും അന്തരീക്ഷത്തില്‍ ലയിച്ചത്.
പിന്നീട് സ്‌കൂളിലെ സി സി ടി വി പരിശോധിച്ചപ്പോള്‍ കുട്ടി വരുന്നത് വ്യക്തമായി. ഗ്യാസ് തുറന്നുവിട്ട കാര്യം ചോദിച്ചപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സത്യം തുറന്നു പറയുകയായിരുന്നു. മറ്റാരോ നിര്‍ദേശിച്ചതനുസരിച്ചാണ് കുട്ടി സ്‌കൂളിലെത്തി ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നു എലത്തൂര്‍ പോലീസ് അറിയിച്ചു.
കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നാണു പോലീസ് പറയുന്നത്. അടുത്ത ദിവസം കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
സ്‌കൂള്‍ നശിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.