Connect with us

Kerala

രാജ്യത്ത് ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം: പി എം ഭാര്‍ഗവ

Published

|

Last Updated

കൊച്ചി: ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പി എം ഭാര്‍ഗവ. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ അടിച്ചമര്‍ത്തുന്നത് ഫാസിസമാണ്.എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഫാസിസത്തിനെതിരെയുള്ള മനുഷ്യ സംഗമം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സമീപനങ്ങളില്‍ പ്രതിഷേധിച്ച് പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കിയ വ്യക്തിയാണ് ഭാര്‍ഗവ.
ഇന്ത്യയുടെ മതേതരത്വത്തിലധിഷ്ഠിതമായ ഘടന മാറ്റിമറിക്കാനാണ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം ശ്രമിക്കുന്നത്. കല്‍ബുര്‍ഗി, പന്‍സാരെ, ദബോല്‍കര്‍ എന്നിവരും ഈ അസഹിഷ്ണുതയുടെ ഇരകളാണ്. പഴയകാലത്തെ തെറ്റായ കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ വലിയ ശേഷികളായി അവതരിപ്പിച്ച് രാമനും കൃഷ്ണനും അദ്ഭുതങ്ങള്‍ ചെയ്തുവെന്നും പ്രചരിപ്പിക്കുന്നു. വൈവിധ്യതകള്‍ ഉള്‍ക്കൊള്ളാനാകാത്ത ഭരണകൂടമാണ് രാജ്യദ്രോഹകരമായ നിലപാട് കൊക്കൊള്ളുന്നതെന്നും ഡോ. ഭാര്‍ഗ്ഗവ പറഞ്ഞു. എഴുത്തുകാരായ സച്ചിദാനന്ദന്‍, ആനന്ദ്, സി പി എം പൊളിറ്റ് ബ്യൂറോ അഗം എം എ ബേബി, തമിഴ് ചലച്ചിത്ര പ്രവര്‍ത്തക ലീന മണി മേഖലൈ, സി കെ ജാനു, കെ എം സലീം കുമാര്‍, ഡോ. കെ എസ് ഡേവിഡ്, വിപി സുഹ്‌റ, തമിഴ്‌നാട്ടിലെ ജാതിവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിക്കുന്ന അഡ്വ.കുശേലര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest