ഖത്വരികളുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെട്ടു

Posted on: December 20, 2015 7:15 pm | Last updated: December 20, 2015 at 7:15 pm

pmദോഹ :ഇറാഖില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്വര്‍ പൗരന്‍മാരുടെ മോചനം എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഇടപെട്ടു. പൗരന്‍മാരുടെ മോചനത്തിനു വേണ്ടി ഇടപെടാന്‍ ആവശ്യപ്പെട്ട് അദ്ദേഹം ഇന്നലെ ഇറാഖ് പ്രധാനമന്ത്രി ഡോ. ഹൈദര്‍ അല്‍ അബാദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
പൗരന്‍മാരുടെ മോചനവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തിയതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ വിഷയത്തില്‍ ഇറാഖ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെയും നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെയും ശൈഖ് അബ്ദുല്ല അഭിനന്ദിച്ചു. പൗരന്‍മാര്‍ വളരെ വേഗം മോചിതരാകുമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇറാഖ് സുരക്ഷാ വിഭാഗം ഖത്വരി പൗരന്‍മാരെ രക്ഷപ്പെടുത്തുന്നതിനായി അതീവ ജാഗ്രതയോടെ പ്രവവര്‍ത്തിച്ചു വരുന്നതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.
അതിനിടെ ഖത്വര്‍ പൗരന്‍മാരുടെ മോചനവുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി വിവരങ്ങളൊന്നും ലഭിച്ചില്ല. ആകെ ബന്ദികളാക്കപ്പെട്ട 26 പേരില്‍ ഒമ്പതു പേരാണ് മോചിതരായത്. ഇതില്‍ ആറു പേരാണ് ഖത്വരികള്‍. രണ്ടു സഊദികളും ഒരു കുവൈത്തിയുമാണ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് അന്വേഷണവും മോചനശ്രമവും തുടരുകയാണ്. സംഘത്തില്‍ സഊദി, കുവൈത്ത് പൗരന്‍മാരും ഉള്‍പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എത്ര ഖത്വര്‍ സ്വദേശികളാണ് മോചിതരാകാനുള്ളതെന്നതു സംബന്ധിച്ചും വ്യക്തതകളില്ല.
അതിനിടെ സ്വദേശികളുടെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇറാഖിലെത്തിയ ഖത്വര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി ഇറാഖ് പ്രധാനമന്ത്രി ഡോ. ഹൈദര്‍ അല്‍ അബാദിയുമായി കൂടിക്കാഴ്ച നടത്തി. പൗരന്‍മാരുടെ മോചനം വേഗത്തില്‍ നടക്കണമെന്ന ആഗ്രഹം അദ്ദേഹം ഇറാഖ് പ്രധാമന്ത്രിയെ ധരിപ്പിച്ചു. സൈനിക വിഭാഗം ഖത്വരികളുടെ മോചനത്തിനായി പരിശ്രമിച്ചു വരികയാണെന്ന് അബാദി അറിയിച്ചു. ഇറാഖ് ആഭ്യന്തര മന്ത്രി മുഹമ്മദ് സാലിം അല്‍ ഗബ്ബാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫലഹ് അല്‍ ഫയാദ് എന്നിവരും ഖത്വറിനെ പ്രതിനിധീകരിച്ച് ഇറാഖ് അംബാസിഡര്‍ സായിദ് ബിന്‍ സഈദ് അല്‍ ഖര്‍യീനും മന്ത്രിയോടൊപ്പമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.