Connect with us

Ongoing News

ചെന്നൈയിന്‍ എഫ്‌സി ഐഎസ്എല്‍ ജേതാക്കള്‍

Published

|

Last Updated

മഡ്ഗാവ്: ആവേശം പരകോടിയിലെത്തിയ കലാശപ്പോരില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി ഐ എസ് എല്‍ കിരീടം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ചെന്നൈയിന്റെ ജയം. 87ാം മിനുട്ടുവരെ മുന്നിട്ടുനിന്ന ഗോവയെ ഉജ്ജ്വല പ്രകടനത്തിലൂടെ മറികടന്ന ചെന്നൈയിന് ഇത് അര്‍ഹിക്കുന്ന വിജയം കൂടിയായി.
അവസാന മൂന്ന് മിനുട്ടുകളില്‍ പിറന്ന ഗോളുകളാണ് കളി മാറ്റിമറിച്ചത്. തൊന്നൂറാം മിനുട്ടില്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ സെല്‍ഫ് ഗോളാണ് കളിയിലെ വഴിത്തിരിവായത്. കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുന്നതിനിടെ സ്റ്റീവന്‍ മെന്‍ഡോസയിലൂടെ വിജയ ഗോളും പിറന്നു. ഹാഓകിപും ജോഫ്രയുമാണ് ഗോവക്കായി ഗോളുകള്‍ നേടിയത്. നേരത്തെ രണ്ട് പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തിയിട്ടും, മത്സരം എതിരാളികളുടെ സ്വന്തം തട്ടകത്തിലായിട്ടും ചെന്നൈയിന്‍ വിജയം എത്തിപ്പിടിക്കുകയായിരുന്നു.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തുടങ്ങിയ ഉടനെ തലക്ക് പരുക്കേറ്റ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡുവിനെ പിന്‍വലിക്കേണ്ടിവന്നത് ഗോവക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ കൊണ്ടും കൊടുത്തും ഇരു ടീമുകളും മത്സരിച്ചതോടെ പിറന്നത് അഞ്ച് ഗോളുകള്‍.
രണ്ടാം പകുതിയില്‍ 53ാം മിനുട്ടിലാണ് ചെന്നൈയിന് ആദ്യ പെനാല്‍റ്റി ലഭിച്ചത്. മെന്‍ഡോസയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പെല്ലിസ്സാരിയെടുത്ത കിക്ക് പക്ഷേ, കട്ടിമണി ഉജ്ജ്വലമായി തടുത്തിട്ടു. എന്നാല്‍ റീ ബൗണ്ട് വന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ ഗോവന്‍ പ്രതിരോധ നിര മറന്നു. പന്ത് പെലിസ്സാരി അനായാസം വലയിലാക്കി. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ തലയില്‍ കൈവച്ചുപോയ നിമിഷമായിരുന്നു അത്. സ്‌കോര്‍ (1-0).
ഗോവ താരങ്ങള്‍ ഓഫ് സൈഡിനുവേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. എന്നാല്‍, അടിക്ക് തിരിച്ചടിനല്‍കിയ ഗോവ തൊട്ടുപിന്നാലെ ഗോള്‍ മടക്കി. 58ാം മിനിറ്റില്‍ ബോക്‌സിനു പുറത്ത് വലതുഭാഗത്ത് നിന്ന് റോമിയോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ഓടിയെത്തിയ ഹാഓകിപ്പ് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. സ്‌കോര്‍: (1-1). ഒരു മിനിട്ട് കഴിയുംമുമ്പെ വീണ്ടും ചെന്നൈക്ക് പെനാല്‍റ്റി ലഭിച്ചു. ഗോവന്‍ ഗോളി കട്ടിമണി മെന്‍ഡോസയെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ മെന്‍ഡോസയെടുത്ത കിക്ക് മുഴുനീള ഡൈവിലൂടെ കട്ടിമണി തടുത്തിട്ടു. തുടര്‍ന്ന് 87ാം മിനുട്ടില്‍ ജോഫ്രെ ഫ്രീകിക്ക് ഗോള്‍ ലക്ഷ്യത്തിലെത്തിച്ച് മത്സരത്തില്‍ ഗോവയെ മുന്നിലെത്തിച്ചു. സ്‌കോര്‍: (1- 2). ഗോവ ജയത്തിലേക്ക് നീങ്ങവേ അതുവരെ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച കട്ടിമണിക്ക് പിഴച്ചു. മെന്‍ഡോസ ഗോള്‍വലക്ക് മുന്നിലെക്ക് കുതിച്ചെത്തിയപ്പോള്‍ പന്ത് തട്ടിയറ്റാനുള്ള കട്ടിമണിയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. പന്ത് നേരെ ഗോവന്‍ വലയില്‍ക്കയറി. സ്‌കോര്‍: (2-2).
തൊട്ടുപിന്നാലെ മെന്‍ഡോസയുടെ വിജയ ഗോളും പിറന്നു. റാണെ നല്‍കിയ പന്ത് ഗോവയുടെ അര്‍ണോലിനെയും ലൂസിയോയെയും മറികടന്ന് മെന്‍ഡോസയുതിര്‍ത്ത ഷോട്ട് വലയില്‍ക്കയറി. സ്‌കോര്‍: (3-2). മാര്‍ക്വു താരം എലാനോ ബ്ലൂമറിനെ പുറത്തിരുത്തിയാണ് ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റരാസി ടീമിനെയിറക്കിയത്. 67ാം മിനുട്ടില്‍ പെലിസ്സാരിക്ക് പകരക്കാരനായി ബ്ലൂമര്‍ ഇറങ്ങി.
ടൂര്‍ണമെന്റില്‍ 12 ഗോളുകള്‍ നേടിയ കൊളംബിയന്‍ താരമായ മെന്‍ഡോസക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ചെന്നൈയിന്‍ എഫ് സിയുടെ അപൗള എഡല്‍ ഗോല്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് അര്‍ഹനായി ജോഫ്രെ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

---- facebook comment plugin here -----

Latest