Connect with us

Kozhikode

ബേപ്പൂരില്‍ യുദ്ധക്കപ്പലുകള്‍ കാണാന്‍ വന്‍ ജനത്തിരക്ക്

Published

|

Last Updated

ഫറോക്ക്: നാവിക വാരാഘോഷത്തിന്റെ ഭാഗമായി ബേപ്പൂരിലെത്തിയ യുദ്ധക്കപ്പലുകള്‍ കാണാന്‍ വന്‍തിരക്ക്. നാവിക സേനയുടെ ഐ എന്‍ എസ് കബ്ര, ഐ എന്‍ എസ് കല്‍പ്പേനി എന്നീ കപ്പലുകളാണ് ബേപ്പൂര്‍ തുറമുഖത്ത് പ്രദര്‍ശനത്തിനായി എത്തിയത്. രാവിലെ മുതല്‍ തന്നെ വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം നൂറുക്കണക്കിന് ആളുകള്‍ തുറമുഖത്തേക്ക് ഒഴുകിയെത്തി. മണിക്കൂറുകളോളം പൊരിവെയിലില്‍ ക്യൂ നിന്നാണ് പലര്‍ക്കും പ്രദര്‍ശനം കാണാനായത്. വൈകീട്ട് നാല് മണി വരെയായിരുന്നു പ്രദര്‍ശനം.

കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് നിന്നാണ് കപ്പലുകള്‍ പ്രദര്‍ശനത്തിനായി എത്തിച്ചത്. കല്‍പേനി യുദ്ധക്കപ്പല്‍ 2009ലും കാബ്ര 2010ലുമാണ് കടലിലിറക്കിയത്. 12.7എംഎം ഹെവി മെഷീന്‍ ഗണ്‍ അടങ്ങുന്ന ആയുധങ്ങളും റഡാര്‍ ക്യാമറകള്‍ തുടങ്ങിയ രക്ഷാകവചങ്ങളും അടങ്ങിയ സംവിധാനങ്ങള്‍ കപ്പലിലുണ്ട്.

2011ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ ബന്ദികളാക്കിയ 13 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയതും 61 കൊള്ളക്കാരെ നാവികസേന പിടികൂടിയതും ഈ കപ്പലുകള്‍ ഉപയോഗിച്ചായിരുന്നു.