Education Notification
ജാമിഅതുല്‍ ഹിന്ദില്‍ ലാറ്ററല്‍ എന്‍ട്രി; അപേക്ഷ ഈ മാസം 15 വരെ
നേരത്തെ പ്രവേശനം നേടാന്‍ കഴിയാത്ത യോഗ്യരായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്വാന്‍സ്ഡ് സ്റ്റാന്‍ഡിങ് ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കുന്നു. വ്യത്യസ്ത കാരണങ്ങളാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് അഡ്വാന്‍സ്ഡ് സ്റ്റാന്‍ഡിങ് ലാറ്ററല്‍ എന്‍ട്രി ആരംഭിച്ചിരിക്കുന്നത്. ബാച്ച്ലര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ വര്‍ഷ ബാച്ചുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി അനുവദിക്കുന്നത്.
പ്രവേശനത്തിന് ആവശ്യമായ യോഗ്യതയുള്ളവര്‍ ഈ മാസം 15ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജാമിഅതുല്‍ ഹിന്ദ് രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതിനായി വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍, കഴിഞ്ഞ ഓരോ സെമസ്റ്ററുകളിലും വിദ്യാര്‍ഥി പഠിച്ച കിതാബുകളും അവയിലെ മാര്‍ക്കുകളും നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് സ്ഥാപന മേധാവികള്‍ ജാമിഅയില്‍ സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ പ്രധാന ഉസ്താദ് നേരിട്ട് സമര്‍പ്പിക്കുകയും ജാമിഅ വിശദമായി പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍/പ്രധാന ഉസ്താദ് എന്നിവര്‍ക്ക് പ്രത്യേക ഹിയറിങ് ഉണ്ടായിരിക്കും.
യോഗ്യത ലഭിച്ച സെമസ്റ്ററിന്റെ തൊട്ടടുത്ത സെമസ്റ്ററിലേക്കാണ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന് അപേക്ഷിക്കാന്‍ സാധിക്കുക. ആവശ്യമാവുന്ന സന്ദര്‍ഭങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലെ ചില കോഴ്സുകള്‍ സെമസ്റ്റര്‍ പരീക്ഷയോടൊപ്പം എഴുതി പാസ്സാകണം എന്ന നിബന്ധനയോടെയാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക. യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം ജാമിഅതുല്‍ ഹിന്ദ് വെബ്സൈറ്റ് അഡ്മിഷന് വേണ്ടി വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ക്കായി നിശ്ചിത കേന്ദ്രങ്ങളില്‍ ഫെബ്രുവരി 14ന് പ്രത്യേക എന്‍ട്രന്‍സ് ടെസ്റ്റ് നടത്തും. ഈ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ ലഭിക്കുകയും പ്രത്യേകം വെബ്സൈറ്റ് വഴി കണ്‍ഫേം ചെയ്ത് ഈവന്‍ സെമസ്റ്ററിലേക്കുള്ള പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുകയും ചെയ്യാം. ഈ അധ്യായന വര്‍ഷാരംഭത്തില്‍ ജാമിഅതുല്‍ ഹിന്ദ് നടപ്പാക്കിയ ക്രെഡിറ്റ് സിസ്റ്റം പുതുതായി അഡ്മിഷന്‍ നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി നടപ്പില്‍ വരും. ലാറ്ററല്‍ എന്‍ട്രി വഴി വരുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പക്ഷം ഹാദി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. എന്നാല്‍, റാങ്കുകള്‍ക്ക് പരിഗണിക്കുന്നതായിരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.
അതോടൊപ്പം, ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ ഇതുവരെ അഫിലിയേറ്റ് ചെയ്യാത്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് സ്ഥാപന മേധാവികള്‍ ജാമിഅതുല്‍ ഹിന്ദ് അഡ്മിനിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടുകയാണ് വേണ്ടത്. വിശദ വിവരങ്ങള്‍ക്കായി 9645359782, 9961333489 എന്നീ നമ്പറുകളില്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണെന്ന് ജാമിഅതുല്‍ ഹിന്ദ് രജിസ്ട്രാര്‍ അറിയിച്ചു.



