Connect with us

Uae

അടുത്ത മൂന്ന് വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ മേഖലയിൽ നേരത്തെയുള്ള ആസൂത്രണം സാധ്യമാവും

Published

|

Last Updated

അബൂദബി|യു എ ഇയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്കായി അടുത്ത മൂന്ന് അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്ഥിരത ഉറപ്പാക്കാനും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ആസൂത്രണം നടത്തുന്നതിനും വേണ്ടിയാണ് മുൻകൂട്ടിയുള്ള ഈ തീരുമാനം. വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരവും അവധി ദിനങ്ങളും തമ്മിൽ സന്തുലിതമാക്കുന്ന രീതിയിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

അംഗീകൃത കലണ്ടർ പ്രകാരം 2026-27 അധ്യയന വർഷം 2026 ആഗസ്റ്റ് 31-ന് ആരംഭിക്കും. ഒന്നാം സെമസ്റ്ററിലെ മധ്യകാല അവധി ഒക്ടോബർ 12 മുതൽ 18 വരെയായിരിക്കും. ശൈത്യകാല അവധി ഡിസംബർ 14 മുതൽ 2027 ജനുവരി മൂന്ന് വരെയും വസന്തകാല അവധി ഏപ്രിൽ അഞ്ച് മുതൽ 11 വരെയുമായിരിക്കും. ആ അധ്യയന വർഷം 2027 ജൂലൈ രണ്ടിന് അവസാനിക്കും. 2027-28 അധ്യയന വർഷം 2027 ആഗസ്റ്റ് 30-നും 2028-29 അധ്യയന വർഷം 2028 ആഗസ്റ്റ് 28-നും ആരംഭിക്കും. ഓരോ വർഷത്തെയും ശൈത്യകാല, വസന്തകാല അവധി ദിനങ്ങളും മന്ത്രാലയം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതി ബാധകമല്ലാത്ത സ്വകാര്യ സ്‌കൂളുകൾക്ക് അവധി ദിനങ്ങളിൽ ചില ഇളവുകൾ അനുവദിക്കാൻ പ്രാദേശിക വിദ്യാഭ്യാസ അധികാരികൾക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾ ഒഴികെയുള്ളവയിൽ ഇത്തരത്തിൽ അനുവദിക്കുന്ന അവധി അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ കൂടാൻ പാടില്ല. ഇന്ത്യൻ, പാകിസ്ഥാനി, ബംഗ്ലാദേശി പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്‌കൂളുകളെ ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്‌കൂളുകൾ അവസാന ദിവസം വരെ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കണമെന്നും ഓരോ ടേമിന്റെയും അവസാന വാരത്തിൽ വിലയിരുത്തലുകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

 

 

Latest