ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ സ്ഥാനമേറ്റു

Posted on: December 19, 2015 11:48 am | Last updated: December 19, 2015 at 5:48 pm

kummanam-rajasekharanതിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയോഗിതനായ കുമ്മനം രാജശേഖരന്‍ സ്ഥാനമേറ്റു. മാരാര്‍ജി ഭവനില്‍ രാവിലെ 11 മണിയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. അധ്യക്ഷപദവി അലങ്കാരമായി കരുതുന്നില്ലെന്നും അതൊരു വലിയ ഉത്തരവാദിത്വമാണെന്നും ബിജെപിയെ വന്‍ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുമ്മനത്തെ അദ്ധ്യക്ഷനായി കേന്ദ്രഘടകം തീരുമാനിച്ചത്. നിലവിലെ ഭരണസംവിധാനങ്ങളില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നും ജനങ്ങളുടെ പുതിയ പ്രതീക്ഷയായി മാറുന്നതിലൂടെ ബിജെപി പുതിയ നേട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷയുടെ നാളുകളാണ് മുന്നിലുള്ളത്. ശ്രദ്ധയോടെയാണ് അതുകൊണ്ട് തന്നെ ചുവടുകള്‍ വെയ്ക്കുന്നത്. ഒറ്റയ്ക്ക് പോരാടി ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. എന്നാല്‍ കൂട്ടായി പ്രയത്‌നിച്ചാല്‍ മുന്നേറാനാകും.
ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മറ്റി യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്. ഭാരവാഹികളില്‍ മാറ്റം വരുമെന്ന സൂചനയും കുമ്മനം നല്‍കി. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.