ലോകത്ത് അഭയാര്‍ഥികളുടെ എണ്ണം ആറ് കോടി കടന്നതായി യു എന്‍

Posted on: December 19, 2015 9:37 am | Last updated: December 19, 2015 at 9:37 am

GER-620x330ജനീവ: നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും യുദ്ധങ്ങളും കാരണമായി ലോകത്ത് അഭയാര്‍ഥികളുടെ എണ്ണം ആറ് കോടി കടന്നതായി യു എന്‍. സിറിയന്‍ ആക്രമണവും മറ്റ് പ്രദേശങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അക്രമസംഭവങ്ങളും അഭയാര്‍ഥി പ്രവാഹം രൂക്ഷമാക്കിയിരിക്കുകയാണ്.
1992 മുതല്‍ അഭയാര്‍ഥികളായ 20.2 മില്യന്‍ ജനങ്ങളുള്‍പ്പെടെയാണ്് പുതിയ കണക്കെന്ന് യു എന്‍ അഭയാര്‍ഥി ഹൈ കമ്മീഷണര്‍ അന്റോണിയോ ഗുട്ടെരെസ് പറഞ്ഞു. രണ്ടര കോടി അഭയാര്‍ഥികള്‍ ഇപ്പോഴും മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാന്‍ കാത്തുകെട്ടി നില്‍ക്കുകയാണ്. ഈ വര്‍ഷം മധ്യത്തില്‍ ഒരു മില്യന്‍ അഭയാര്‍ഥികള്‍ ജര്‍മനിയിലേക്കും റഷ്യയിലേക്കും അമേിക്കയിലേക്കും ചേക്കേറിയതായി റിപ്പോര്‍ട്ട് പറയുന്നു.
ലോകജനസംഖ്യയില്‍ 122 പേരില്‍ ഒരാള്‍ കുടിയൊഴിപ്പിക്കലിന് വിധേയമായികൊണ്ടിരിക്കുകയാണ്. 2014ല്‍ അഭയാര്‍ഥികളുടെ എണ്ണം 59.5 മില്യന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യവയസ്‌കരായ അഭയാര്‍ഥികളുടെ എണ്ണം രണ്ട് മില്യനായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 34 മില്യനായി ഉയര്‍ന്നു. യെമനിലെ അഭ്യന്തര യുദ്ധം കാരണമാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിത രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ഥികള്‍ ഇപ്പോഴും രാജ്യങ്ങളിലേക്ക് പ്രവശിക്കാന്‍ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍്ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകളാണ് യു എന്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ യൂറോപ്പിലേക്ക് കഴിഞ്ഞ ഒക്ടോബറിലാണ് അഭയാര്‍ഥികള്‍ കൂടുതലായി പാലായനം ചെയ്യാന്‍ തുടങ്ങിയത്. 2001ല്‍ തുടങ്ങിയ സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന് 4.2 മില്യന്‍ ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. 7.6 മില്യന്‍ സിറിയയില്‍ തന്നെയുള്ള അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാന്‍, ഇറാഖ്, തെക്കന്‍ സുഡാന്‍, എന്നീ രാജ്യങ്ങളിലെ ആകമണങ്ങളും ബുറുണ്ടി, കോംഗോ, ഇറാഖ് എന്നീ രാജ്യങ്ങളിലുള്ള അഭ്യന്തര കലഹങ്ങളും അഭയാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും കുറച്ച് ആളുകളാണ് അവരുടെ ജന്മദേശത്തേ്ക്ക് തിരികെ പോയത്. കഴിഞ്ഞ ജൂണ്‍വരെ 84, 000 അഭയാര്‍ഥികളാണ് അവരുടെ നാട്ടിലേക്ക് തിരികെ പോയത്. കഴിഞ്ഞ വര്‍ഷം 107,000 പേര്‍ തിരികെ പോയിരുന്നു.