മരുന്നടി; ഖത്വറിലെ ലാബ് മേഖലക്ക് ഗുണമാകും- വാഡ പ്രസിഡന്റ്

Posted on: December 18, 2015 6:58 pm | Last updated: December 18, 2015 at 6:58 pm
സര്‍ ക്രെയ്ഗ് റീഡി
സര്‍ ക്രെയ്ഗ് റീഡി

ദോഹ: കായികതാരങ്ങള്‍ മരുന്നടിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ലബോറട്ടറി ലോകോത്തര നിലവാരമുള്ളതാണെന്നും മിഡില്‍ ഈസ്റ്റ് മേഖലക്കിത് ഗുണം ചെയ്യുമെന്നും വേള്‍ഡ് ആന്റി ഡോപിംഗ് ഏജന്‍സി (വാഡ) പ്രസിഡന്റ് സര്‍ ക്രെയ്ഗ് റീഡി. കായികമേഖലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അക്രഡിറ്റേഷന്‍ കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ച അദ്ദേഹം പറഞ്ഞു.
ഖത്വറിലെ ലബോറട്ടറിയുടെ അക്രഡിറ്റേഷന്‍ ആഗസ്റ്റില്‍ വാഡ അംഗീകരിച്ചിട്ടുണ്ട്. ഖത്വര്‍ ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. താനി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരി, ബി ടി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ മആദീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ലോകത്തെ വാഡ അക്രഡിറ്റേഷന്‍ ലഭിക്കുന്ന 35 ാമത്തെ ലാബാണ് ഖത്വറിലേത്. വാഡയുടെ ചട്ടങ്ങളും അന്താരാഷ്ട്ര ലാബ് മാനദണ്ഡങ്ങളും പാലിച്ചതാണ് ഖത്വറിലെ ലാബ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അടുത്തിടെ റഷ്യയിലെ ലാബിന്റെ അംഗീകാരം വാഡ റദ്ദാക്കിയിരുന്നു. നിലവാരത്തില്‍ തങ്ങള്‍ കര്‍ക്കശ നിലപാടുകാരാണെന്നും അക്കാര്യത്തില്‍ ഖത്വറിന് ആത്മവിശ്വാസം പ്രകടിപ്പിക്കാമെന്നും സര്‍ റീഡി പറഞ്ഞു.
അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ വേദികളായി മേഖല മാറുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ലാബ് അനിവാര്യമാണ്. കായിക രംഗത്ത് മരുന്നടി വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. സംശുദ്ധരായ കായികതാരങ്ങളുടെ അവകാശം സംരക്ഷിക്കുകയും കാണികളില്‍ വിശ്വാസം വര്‍ധിപ്പിക്കുകയുമാണ് വാഡയുടെ പ്രഥമ പരിഗണന. അന്വേഷണത്തിലൂടെയും മറ്റ് നടപടികളിലൂടെയും മരുന്നടി തടയാം. അതേസമയം, നല്ല ലാബുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. സാംപിള്‍ പരിശോധന ഗുണമേന്മയുള്ള ശൈലിയും ഉപകരണവും ഉപയോഗിച്ച് ഗുണമേന്മയുള്ള ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ടതാണ്. ആന്റി ഡോപിംഗ് റിസര്‍ച്ച് ഫണ്ടിലേക്കുള്ള ഖത്വറിന്റെ സംഭാവന അദ്ദേഹം പ്രശംസിച്ചു.
ഐ ഒ സിക്കും ആന്റി ഡോപിംഗ് ഏജന്‍സിക്കും ഇത് വളരെ സഹായകരമായിട്ടുണ്ട്. മരുന്നടിക്കെതിരെയുള്ള ശാസ്ത്രീയ ഗവേഷണത്തിന് 2001 മുതല്‍ 68 മില്യന്‍ ഡോളര്‍ വാഡ സംഭാവന ചെയ്തിട്ടുണ്ട്. സര്‍ ക്രെയ്ഗ് റീഡി പറഞ്ഞു. 2014ലാണ് ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചത്.