ബര്‍സാന്‍ ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും

Posted on: December 18, 2015 6:49 pm | Last updated: December 21, 2015 at 7:46 pm
SHARE

oil+and+gas+refineryദോഹ: ഖത്വറിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിട്ടുള്ള ബര്‍സാന്‍ ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം പ്രവര്‍ത്തിക്കുമെന്ന് ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. പത്ത് ബില്യന്‍ ഡോളറിന്റെ പദ്ധതി 2017ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. 2014ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്.
പുതിയ പൈപ്പ് ലൈന്‍ ഗ്യാസ് ഉത്പാദന പദ്ധതിയാണിത്. ആളോഹരി വരുമാനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്നതാണ് ബര്‍സാന്‍. റാസ്‌ലഫാന്‍ 2 റിഫൈനറി അടുത്ത വര്‍ഷം അവസാനം ആകുമ്പോഴേക്കും പ്രവര്‍ത്തിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വിമാന ഇന്ധനവും ഗ്യാസ് ഓയിലും ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ളതാണ്. ഡീസല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങള്‍ ഏഷ്യന്‍ വിപണികളിലേക്ക് കയറ്റിയയക്കും. ഫ്രഞ്ച് കമ്പനിയായ ടോട്ടലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി 2013ലാണ് ഖത്വര്‍ പെട്രോളിയം 1.5 ബില്യന്‍ ഡോളര്‍ ചെലവില്‍ റിഫൈനറി നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടത്. മൊത്തം 1.46 ബി പി ഡി ആണ് ഉത്പാദനക്ഷമത. ഇതില്‍ 60000 ബി പി ഡി നാഫ്തയും 53000 ബി പി ഡി വിമാന ഇന്ധനവും 24000 ബി പി ഡി ഗ്യാസ് ഓയിലും 9000 ബി പി ഡി ദ്രവീകൃത പെട്രോളിയം ഗ്യാസും ആണ്. 2015ല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം ആറ് ശതമാനം കുറഞ്ഞതായാണ് കണക്കാക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് കഴിഞ്ഞ ദിവസം 38 ഡോളര്‍ ആയത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here