Connect with us

Gulf

അയല്‍പക്ക ഭൂമികയിലെ കാഴ്ചകള്‍ തേടി

Published

|

Last Updated

യു എ ഇയില്‍ ആഭ്യന്തര വിനോദസഞ്ചാരം ശക്തിപ്പെടുന്നുണ്ട്. ഓരോ എമിറേറ്റിലെയും സവിശേഷതകള്‍ തേടി യു എ ഇയിലെ താമസക്കാര്‍ സഞ്ചരിക്കുന്നത് വര്‍ധിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം അബുദാബിയിലെത്തിയ മറ്റു എമിറേറ്റുകാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ട്. ഈ വര്‍ഷം ഇതിലും ഏറെയായിരിക്കുമെന്നാണ് നിഗമനം.
ആഭ്യന്തര വിനോദസഞ്ചാരികള്‍ ചിലപ്പോള്‍ ഒരു ദിവസത്തിലധികം ചെലവഴിക്കാറുണ്ട്. അബുദാബിയില്‍ ഹോട്ടലില്‍ മുറി തേടുന്നവരില്‍44 ശതമാനം, യു എ ഇയിലെ തന്നെ വിദൂര എമിറേറ്റുകളില്‍ നിന്നുള്ളവരാണ്.
ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ പ്രകൃതിരമണീയത കാണാന്‍ അബുദാബി-ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം പേരെത്തുന്നു. ശാന്തവും സ്വച്ഛവുമായ അന്തരീക്ഷമാണ് ഫുജൈറയിലേത്. അവിടത്തെ മലനിരകളും കൃഷിയിടങ്ങളും ഉള്ളം കുളിര്‍പ്പിക്കും. തണുപ്പുകാലത്ത്, വാരാന്ത്യങ്ങളില്‍ അവിടെ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ.
ഓരോ എമിറേറ്റും ഒന്നിനൊന്ന് വ്യത്യസ്തമാണെന്നതാണ് സവിശേഷത. ദുബൈ ആധുനിക നഗരമാണെങ്കില്‍ ഫുജൈറ, ഗ്രാമീണ ജീവിതത്തിന്റെ ചാരുതയുള്ള സ്ഥലം. അല്‍ ഐന്‍ ഹരിത സമൃദ്ധം.
ദുബൈയിലെ ആഗോള ഗ്രാമം (ഗ്ലോബല്‍ വില്ലേജ്), മെട്രോ പാത എന്നിവ കൗതുകം പകരുന്നു.
കഴിഞ്ഞ മാസമാണ് ആഗോള ഗ്രാമത്തിലെ ഇത്തവണത്തെ സീസണ്‍ തുടങ്ങിയത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒമ്പത് വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പവലിയനുകള്‍, അവരവരുടെ ഉല്‍പന്നങ്ങളുമായും കലാവിരുന്നുകളുമായും ആസ്വാദകരെ കാത്തിരിക്കുന്നു. വ്യാഴം, വെള്ളി പൊതുഅവധി ദിവസങ്ങളില്‍ വൈകീട്ട് നാലു മുതല്‍ പുലര്‍ച്ചെ ഒന്നുവരെ കവാടം തുറന്നിരിക്കും. പ്രവൃത്തിദിനങ്ങളില്‍ രാത്രി 12 വരെ. സന്ദര്‍ശകര്‍ക്ക് ചുറ്റിക്കാണാന്‍ കവാടത്തില്‍ നിന്ന് ട്രെയിനുകള്‍ ഏര്‍പെടുത്തിയത് ഗുണകരം. പ്രായമായവര്‍ക്കും കുടുംബസമേതം എത്തുന്നവര്‍ക്കും ഇത് ഗുണകരം.
ബുര്‍ജ് ഖലീഫ, ഒപ്പേറ ഹൗസ്, താജ് മഹല്‍ തുടങ്ങി ലോകോത്ഭുതങ്ങളുടെ മാതൃകകള്‍, ജപ്പാനില്‍ നിന്നുള്ള പവലിയന്‍ എന്നിവ ഇത്തവണ പുതുതായുണ്ട്. ഖോര്‍ഫുകാനും ദിബ്ബക്കുമിടയില്‍ പ്രധാന പാതക്കരികിലെ ബിദിയ മസ്ജിദ് സഞ്ചാരികളെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയാണ്. 560 വര്‍ഷം മുമ്പ് നിര്‍മിച്ച ആരാധനാലയമാണിത്. ഇപ്പോഴും അത് കേടുകൂടാതെ അതേപടി നില്‍ക്കുന്നു. ഇവിടെ പ്രാര്‍ഥിക്കാനെത്തുന്നവര്‍ ധാരാളം.
തണുപ്പുകാലമായതോടെ ആളുകള്‍ കൂടുതലായി യാത്ര ചെയ്യുന്നു. അപരിചിതമായ വഴികളും അവര്‍ തേടിപ്പോകുന്നു. മരുഭൂമിയില്‍ കൂടാരം കെട്ടി ഒന്നോ രണ്ടോ ദിവസം താമസിക്കുന്നവരുമുണ്ട്. ഇതിന് അധികൃതരുടെ പ്രത്യേക അനുമതി ആവശ്യമാണ്. ചില ടൂറിസ്റ്റ് കമ്പനികള്‍ പാക്കേജുകളുമായി രംഗത്തുള്ളത് സൗകര്യപ്രദം.
കെ എം എ