Connect with us

National

എതിര്‍പ്പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാന്‍ സിബിഐക്ക് കേന്ദ്ര നിര്‍ദേശം: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി കെജ്‌രിവാള്‍ ആരോപിച്ചു. തങ്ങളെ എതിര്‍ക്കുന്നവരെ അവസാനിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഒരു സിബിഐ ഓഫീസര്‍ തന്നോട് പറഞ്ഞതായി കെജ്‌രിവാള്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രധാനമന്ത്രി ദുര്‍ബലനായെന്നും അതുകൊണ്ട് മറ്റുപാര്‍ട്ടികളെ ദുര്‍ബലമാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റും കെജ്‌രിവാള്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്. കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഡല്‍ഹി സെക്രട്ടേറയറ്റ് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു. അതേസമയം ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് എ.എ.പി നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി ലോക്‌സഭാംഗവുമായ കീര്‍ത്തി ആസാദ് രംഗത്തുവന്നു. ഡി.ഡി.സി.എയിലെ അഴിമതിയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന വിവരങ്ങളുടെ കേവലം പതിനഞ്ച് ശതമാനം മാത്രമാണ് എഎപി ഇപ്പോള്‍ വെളിപ്പെടുത്തിയിതെന്ന് ഇന്ത്യ ടുഡെക്ക് അനുവദിച്ച അഭിമുഖത്തില്‍ ആസാദ് പറഞ്ഞു.

Latest