Connect with us

Malappuram

തപാല്‍ വകുപ്പിന്റെ പിടിപ്പുകേട്; ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണം നിലച്ചു. തപാല്‍ ഓഫീസുള്‍ മുഖേന നല്‍കിവരുന്ന പെന്‍ഷനുകളാണ് മുടങ്ങി കിടക്കുന്നത്. തപാല്‍ വകുപ്പിന്റെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നേരത്തെ മണി ഓഡര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇത് അനര്‍ഹര്‍ കൈപ്പറ്റിയതിനെ തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിച്ച് തപാല്‍ ഓഫീസില്‍ എത്തി വാങ്ങുന്ന വിധമാക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇതാണവസ്ഥ. കഴിഞ്ഞ മെയ് മാസത്തിലാണ് പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചത്. മൂന്ന് മാസം കൂടുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക. മാസത്തില്‍ 600 രൂപ എന്ന നിലയില്‍ മൂന്ന് മാസത്തേത് ഒന്നിച്ച് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. സാധാരണ കുടിശിക വന്നാല്‍ ഓണത്തിന് നല്‍കാറുണ്ട്. ഇപ്പോള്‍ ഇതും പലര്‍ക്കും നല്‍കിയിട്ടില്ല. പഞ്ചായത്ത്, നഗരസഭകള്‍ മുഖേനയാണ് പെന്‍ഷനുകള്‍ക്കുള്ള ലിസ്റ്റുകള്‍ സമര്‍പ്പിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പിന് കൈമാറിയ രേഖകള്‍ പ്രകാരം അതത് പ്രദേശത്തെ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് ലിസ്റ്റ് എത്തിച്ച് പിന്നീട് സബ് ഓഫീസുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. അര്‍ഹരായവരുടെ ലിസ്റ്റുകള്‍ മുഖ്യ തപാല്‍ ഓഫീസുകളില്‍ എത്തിയെങ്കിലും ഇത് സബ് ഓഫീസുകളിലേക്ക് കൈമാറാത്തതാണ് പെന്‍ഷന്‍ വിതരണം മുടങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ പലരും ഇക്കാര്യം സ്ഥാനാര്‍ഥികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വിജയിച്ച് കയറിയവരുടെ കൂട്ടത്തില്‍ അന്ന് വാഗ്ദാനം നല്‍കിയവരൊക്കെ ഇപ്പോള്‍ പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ്. തങ്ങള്‍ ലിസ്റ്റുകള്‍ അയച്ചെന്നും തപാല്‍ വകുപ്പാണ് കാരണമെന്നും പറഞ്ഞൊഴിയുകയാണ് പലരും.