ബീഫ് കമ്പനികളില്‍ നിന്ന് ബി ജെ പി വാങ്ങിയ സംഭാവന രണ്ടരക്കോടി

Posted on: December 17, 2015 12:51 am | Last updated: December 17, 2015 at 12:51 am

351937-264099-money-motifന്യൂഡല്‍ഹി: ബീഫ് കയറ്റുമതിക്കാരില്‍ നിന്നും ബി ജെ പിക്ക് ലഭിച്ച സംഭാവന രണ്ടരക്കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2013 മുതല്‍ 2015 വരെ ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഈ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. 2014ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മൂന്നു കമ്പനികള്‍ ചേര്‍ന്നു നല്‍കിയത് രണ്ട് കോടി രൂപയാണ്.
അല്ലാനസണ്‍സിന്റെ ഉപകമ്പനികളായ ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ്, ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന ലിമിറ്റഡ്, ഇന്‍ഡാര്‍ഗോ ഫുഡ്‌സ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികള്‍. ഈ കമ്പനികളാണ് ഇന്ത്യയിലെ ഹലാല്‍ ബീഫ് കയറ്റുമതിയുടെ കുത്തകകള്‍.
ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെയെല്ലാം കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്ന് പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്രകാരം ലഭിച്ച കണക്കുകളിലാണ് ബി ജെ പിക്ക് പോത്തിറച്ചി കച്ചവടക്കാരില്‍ നിന്നും ലഭിച്ച സംഭാവനയുടെ കണക്കുകളുളളത്. 2014-2015 കാലത്ത് മാത്രം ബി ജെ പിക്ക് സംഭാവനയായി ലഭിച്ചത് 437.35 കോടി രൂപയാണെന്നും കണക്കുകളിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയാണ് ബീഫ് വിഷയം സജീവ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി മാറ്റിയത്.
കൂടാതെ ഫ്രിഗോറിഫിക്കോ അല്ലാന 2014-2015 കാലയളവില്‍ വീണ്ടും 50 ലക്ഷം രൂപ അധികം നല്‍കിയിട്ടുണ്ട്. വിജയ ബേങ്ക് മുഖേനയാണ് ഈ ഇടപാടുകളെല്ലാം നടന്നത്. അതേസമയം, യഥാര്‍ത്ഥ ചെലവല്ല ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും സമര്‍പ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സമാഹരണം നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ നിലവിലില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് പറഞ്ഞിരുന്നു.