വോണിന്റെ ‘മഹത്തായ ഇന്ത്യന്‍ ഇലവന്റെ’ ക്യാപ്റ്റന്‍ ഗാംഗുലി

Posted on: December 17, 2015 5:32 am | Last updated: December 16, 2015 at 11:33 pm

gangulyമെല്‍ബണ്‍: ആസ്‌ത്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിന്റെ ഗ്രേറ്റസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ഇലവന്റെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാം നമ്പറില്‍. ടെസ്റ്റില്‍ ഇന്ത്യക്കായി അവിസ്മരണീയ ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ച വി വി എസ് ലക്ഷ്മണ്‍ വോണിന്റെ ഇലവനില്‍ ഇടം പിടിച്ചില്ല.
എതിരെ കളിച്ച താരങ്ങളെ മാത്രമാണ് വോണ്‍ തന്റെ ഗ്രേറ്റസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വോണ്‍ വിവിധ രാജ്യങ്ങളുടെ മികച്ച ഇലവനെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഇലവനെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഓപണര്‍മാരായി നവജോത് സിംഗ് സിദുവിനെയും വിരേന്ദര്‍ സെവാഗിനെയുമാണ് വോണ്‍ തിരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ വന്‍മതില്‍ രാഹുല്‍ദ്രാവിഡ്.
ആറാം നമ്പര്‍ താരത്തെ കണ്ടെത്താനാണ് വോണ്‍ ഏറെ വിഷമിച്ചത്.
മുഹമ്മദ് അസ്ഹറുദ്ദീനും ലക്ഷ്മണുമാണ് ഈ സ്ഥാനത്തിനായി വോണ്‍ കണ്ടെത്തിയത്. ഇതില്‍ മുന്‍ നായകന്‍ അസ്ഹറുദ്ദീനെ തിരഞ്ഞെടുക്കുകയായിരുന്നു. കപില്‍ദേവ്, എം എസ് ധോണി, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെയാണ് മറ്റ് താരങ്ങള്‍. പന്ത്രണ്ടാമനായി വി വി എസ് ലക്ഷ്മണിനെയും ഉള്‍പ്പെടുത്തി.
ദിലീപ് വെംഗ്‌സാര്‍ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍, രവിശാസ്ത്രി, മനോജ് പ്രഭാകര്‍, സഹീര്‍ ഖാന്‍ എന്നിവരെയെല്ലാം ഒഴിവാക്കേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും വോണ്‍ പറഞ്ഞു.