കേരളത്തിലെ സാമൂഹിക മുന്നേറ്റം പഠിക്കാന്‍ പാക് സംഘം

Posted on: December 16, 2015 7:50 pm | Last updated: December 18, 2015 at 7:52 pm
ദുബൈയില്‍ ഇന്ത്യാ-പാക്പാര്‍ലമെന്റേറിയന്മാരുടെ ചര്‍ച്ചയില്‍ വി ഡി സതീശന്‍ എം എല്‍ എയും ആര്യാടന്‍ ഷൗക്കത്തും
ദുബൈയില്‍ ഇന്ത്യാ-പാക്പാര്‍ലമെന്റേറിയന്മാരുടെ ചര്‍ച്ചയില്‍ വി ഡി സതീശന്‍ എം എല്‍ എയും ആര്യാടന്‍ ഷൗക്കത്തും

ദുബൈ: കേരളത്തില്‍ കുടുംബശ്രീ ഉള്‍പെടെ സാമൂഹിക മേഖലയില്‍ നടക്കുന്ന മുന്നേറ്റങ്ങള്‍ നേരിട്ടുകാണാന്‍ താല്‍പര്യമുണ്ടെന്ന് പാക്കിസ്ഥാനില്‍നിന്നുള്ള പ്രതിനിധികള്‍. ഇന്ത്യ-പാക് പാര്‍ലമെന്റേറിയന്‍മാരുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചയിലാണ് പാക് പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ് ഡി എസ്), ഇസ്‌ലാമാബാദ് ആസ്ഥാനമായ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്‌മെന്റ് ആന്റ് ട്രാന്‍സ്‌പെരന്‍സി (പില്‍ഡാറ്റ്) എന്നിവ ചേര്‍ന്നാണ് ചര്‍ച്ച ഒരുക്കിയത്.
മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ നയിച്ച ഇന്ത്യന്‍ സംഘത്തില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, കര്‍ണാടക മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടീല്‍, എം എല്‍ എമാരായ വി ഡി സതീശന്‍, മഹീന്ദര്‍ജീത് സിംഗ് മാളവ്യ, സുഖ്‌വിലാസ് ബര്‍മ, നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ആം ആദ്മി പാര്‍ട്ടി വക്താവ് അശുതോഷ്, ഭരത് ഭൂഷണ്‍, ഡോ. നൂപുര്‍ തിവാരി, നന്ദന റെഡ്ഡി, പ്രഫ. ജോര്‍ജ് മാത്യു എന്നിവരുമുണ്ടായിരുന്നു. വിസാ പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള താല്‍പര്യമാണ് പാക് സംഘം അറിയിച്ചത്.
പാക്കിസ്ഥാന്‍ നാഷനല്‍ അസംബ്ലി റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് നവീദ് ഖമറിന്റെ നേതൃത്വത്തിലാണ് പാക് പ്രതിനിധി സംഘമെത്തിയത്. തദ്ദേശ ഭരണ സംവിധാനം കൂടുതല്‍ ശക്തമാക്കുക, സ്ത്രീകള്‍ക്ക് കൂടുതല്‍ ഭരണപങ്കാളിത്തം നല്‍കുക, ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തമാക്കുക, അഴിമതി വിരുദ്ധ സംവിധാനം കാര്യക്ഷമമാക്കുക, വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമാക്കുക തുടങ്ങി ഇരു രാജ്യങ്ങളെയും ബാധിക്കുന്ന 16 കാര്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഉള്‍പെടുത്തി.