ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം സംഘപരിവാര്‍ പരിപാടിയാക്കി: പിണറായി

Posted on: December 16, 2015 11:41 am | Last updated: December 16, 2015 at 2:44 pm

pinarayi newതിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം സംഘപരിവാര്‍ പരിപാടിയാക്കി മാറ്റിയെന്ന് സിപിഐഎം പി ബി അംഗം പിണറായി വിജയന്‍. ശങ്കര്‍ എസ്എന്‍ഡിപിയുടെ നേതാവായിരുന്നു. എസ്എന്‍ഡിപിക്കാരനായ വ്യക്തിയെങ്ങനെ ആര്‍എസ്എസ് ആകും. സി കേശവനും എസ്എന്‍ഡിപിക്കാരനായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടിയിരുന്നു. എസ്എന്‍ഡിപി നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ റാഞ്ചിയത് പോലെ ശങ്കറിനേയും റാഞ്ചാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ഒരിക്കലും ആര്‍എസ്എസ് അനുകൂലിയായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളിയും തമ്മിലുള്ള ഒത്തുകളിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചത്. പ്രതിഷേധത്തിന്റെ ഒരു സ്വരവും ഇല്ലായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ച ശേഷം വരേണ്ടെന്ന് പറയുന്നത് അപമാനകരമല്ലേ ? എന്തുകൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്വീകരിക്കാത്തതെന്നും പിണറായി ചോദിച്ചു.