സഭയില്‍ അശ്ലീലം കണ്ടു; എം എല്‍ എക്ക് സസ്‌പെന്‍ഷന്‍

Posted on: December 16, 2015 5:44 am | Last updated: December 15, 2015 at 11:45 pm

odishaഭുവനേശ്വര്‍: നിയമസഭാ മന്ദിരത്തിനകത്തുനിന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് ഒഡീഷയിലെ എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് എം എല്‍ എ നബ കിഷോര്‍ ദാസ് സഭക്കകത്തുനിന്ന് തന്റെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് ആനന്ദ ദാസ് കൊണ്ടുവന്ന ഉപക്ഷേപത്തെ തുടര്‍ന്നാണ് എം എല്‍ എക്കെതിരെ സ്പീക്കര്‍ നിരഞ്ജന്‍ പൂജാരി ശിക്ഷാനടപടി കൈക്കൊണ്ടത്. വിഷയം നേരത്തെ സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാതെ എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കോണ്‍ഗ്രസും ബി ജെ പിയും അടക്കമുള്ള പ്രതിപക്ഷ എം എല്‍ എമാര്‍ പ്രതിഷേധിച്ചു. തീരുമാനം സ്പീക്കര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അന്വേഷണം നടത്താതെ എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്യുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് നരസിംഹ മിശ്ര ചൂണ്ടിക്കാട്ടി. നബ കിഷോര്‍ ദാസ് എം എല്‍ എ സഭക്കകത്ത് അശ്ലീല വീഡിയോ കാണുന്നതിന്റെ ദൃശ്യം സംസ്ഥാനത്തെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ആരംഭിച്ചത്.
അതേസമയം, താന്‍ അത്തരത്തില്‍ ഒരു വീഡിയോ കണ്ടിട്ടില്ലെന്നും തനിക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ ജനാധിപത്യവിരുദ്ധമാണെന്നും ദാസ് എം എല്‍ എ പ്രതികരിച്ചു. അശ്രദ്ധമായി തന്റെ കൈവിരല്‍ വീഡിയോ ലിങ്കില്‍ സ്പര്‍ശിക്കുകയായിരുന്നെന്നും ദൃശ്യം വന്നയുടന്‍ തന്നെ അത് നിര്‍ത്തിയിരുന്നെന്നും എം എല്‍ എ വിശദീകരിച്ചു. എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ എം എല്‍ എക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുത്ത ബിജു ജനതാദള്‍ സര്‍ക്കാര്‍ നിലപാടില്‍ ബി ജെ പിയുടെ മുതിര്‍ന്ന സഭാംഗം കനക് വര്‍ധന്‍ സിംഗ് ദിയോ പ്രതിഷേധിച്ചു.