ചൈനയില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

Posted on: December 16, 2015 4:35 am | Last updated: December 15, 2015 at 11:37 pm

ബീജിംഗ്: ചൈനയില്‍ കോടതി വിചാരണ നടക്കുന്നതിനിടെ കോടതിക്ക് പുറത്ത് നയതന്ത്ര പ്രതിനിധികളും വിദേശ മാധ്യമപ്രവര്‍ത്തകരും പോലീസുകാരുമായി ഏറ്റുമുട്ടി. മനുഷ്യാവകാശ അഭിഭാഷകനെയും കമ്യൂണിസ്റ്റ് പാര്‍ട്ടി വിമര്‍ശകനെയും വിചാരണ ചെയ്യുന്ന കോടതിക്ക് പുറത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ചൈനയിലെ അറിയപ്പെട്ട അഭിഭാഷകന്‍ പു സിക്കിയാംഗിനെ വിചാരണ ചെയ്യുന്ന കോടതിക്ക് പുറത്താണ് പോലീസ് കൈയേറ്റം ഉണ്ടായത്. ചൈനയിലെ ഏക പാര്‍ട്ടി സംവിധാനത്തെയും മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂര്‍ വംശജരെ അധികൃതര്‍ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെതിരെയും ശക്തമായി രംഗത്തുവരാറുള്ള അഭിഭാഷകനാണ് ഇദ്ദേഹം. ക്രുദ്ധരായി എത്തിയ പോലീസ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയ നയതന്ത്രപ്രതിനിധികളെയും വിദേശ ചാനല്‍ മാധ്യമപ്രവര്‍ത്തകരെയും കൈയേറ്റം ചെയ്യുകയായിരുന്നു. ഇവരെ ബലം പ്രയോഗിച്ച് കോടതിക്ക് മുമ്പില്‍ നിന്ന് പിടിച്ചുപുറത്താക്കാനും ശ്രമം നടത്തി. നിരീക്ഷകനായി കോടതിയിലെത്തിയ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍, അഭിഭാഷകനെതിരെയുള്ള ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചു. ഇദ്ദേഹത്തിന് നേരെയും പോലീസ് കൈയേറ്റമുണ്ടായി. കോടതി നടപടികള്‍ പകര്‍ത്തിയ വിദേശ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ പിടിച്ചെടുക്കാനും ശ്രമം നടന്നിരുന്നു. അഭിഭാഷകനെതിരെ പ്രത്യേക വിധിയൊന്നും പുറപ്പെടുവിക്കാതെയാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. ഇനി എന്നാണ് വിധി പ്രഖ്യാപിക്കുക എന്നും കോടതി സൂചിപ്പിച്ചിട്ടില്ല. എട്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും അഭിഭാഷകന്‍ തള്ളിക്കളഞ്ഞിരുന്നു. കോടതികളില്‍ ചൈനീസ് അധികൃതരുടെ സ്വാധീനം ശക്തമാണെന്നും അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്ന ചൈനീസ് അധികൃതരുടെ നടപടിയെ ഇദ്ദേഹം തന്റെ ബ്ലോഗിലൂടെ ശക്തമായി എതിര്‍ക്കുകയും അവര്‍ക്ക് വേണ്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.