Connect with us

National

മാഗി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മാഗിയുടെ പുതിയ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടിതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. നൂഡില്‍സ് നിര്‍മാണക്കമ്പനി സമര്‍പ്പിച്ച ഹരജിയില്‍ ഇന്നു വാദം കേള്‍ക്കാനിക്കെയാണ് കേന്ദ്ര സര്‍ക്കാറിന് കോടതി പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാഗിയുടെ പുതിയ സാമ്പിളില്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് അയച്ചിരിക്കുന്ന നോട്ടീസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്
മാഗിയുടെ ഒമ്പത് ഉത്പന്നങ്ങളുടെ നിരോധം നീക്കിയ മുംബൈ ഹൈക്കോടതി വിധിക്കെതിരേ നെസ്‌ലെ, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവരില്‍നിന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രതികരണം തേടിയിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ് എസ് എസ് എ ഐ) സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത് എന്നിവരടങ്ങിയ ബഞ്ച് മഹാരാഷ്ട്ര സര്‍ക്കാറിനും നെസ്‌ലെ കമ്പനിക്കും പ്രതികരണമാരാഞ്ഞ് നോട്ടീസയച്ചിരുന്നത്.
ഉത്പന്നങ്ങള്‍ പുതിയ പരിശോധനക്ക് വിധേയമാക്കണമെന്നും കഴിഞ്ഞ ദിവസം കോടതി നെസ്‌ലെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ് എസ് എസ് എ ഐയുടെ ഹരജിയില്‍, അടുത്തമാസം 13ന് ഹൈക്കോടതി വിധി പുന:പരിശോധനക്കു വിധേയമാക്കാന്‍ കോടതി വീണ്ടും ചേരുമെന്നും ബഞ്ച് ഉത്തരവിട്ടിരുന്നു.
അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയം അടങ്ങിയിരിക്കുന്നുവെന്നു പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാഗി നൂഡില്‍സ് ഉത്പന്നങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.
കേരളം ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലും മാഗിയുടെ നിരോധം സംസ്ഥാന സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതടക്കമുള്ളവ നീക്കുന്നതിന് വേണ്ടി കമ്പനി സമര്‍പ്പിച്ച ഹരജിയാണ് നാളെ പരിഗണിക്കുന്നത്.

Latest