ഹരിതാഭ പരിസരത്തിനായി ചെടിത്തൈകള്‍ വീടുകളിലേക്ക്

Posted on: December 15, 2015 10:38 pm | Last updated: December 15, 2015 at 10:38 pm

ccദോഹ: പരിസരങ്ങള്‍ ഹരിഭാതമാക്കാന്‍ നഗരസഭാ പബ്ലിക് പാര്‍ക്ക് വിഭാഗം ജനങ്ങള്‍ക്കിടയിലേക്ക്. വീടുകളിലും വീട്ടുമുറ്റങ്ങിലും പാതയോരങ്ങളിലും ചെടികളും മരങ്ങളും വെച്ചു പിടിപ്പിച്ച് ഹരിതാഭ പരിസരത്തെ പ്രോത്സാഹിപ്പിക്കാന്‍ തയാറാകുന്നവര്‍ക്കു പിന്തുണയുമായാണ് മന്ത്രാലയം രംഗത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ടു മുതല്‍ മൂന്നു ദിവസത്തിനകം ചെടിത്തൈകള്‍ വീടുകളിലെത്തിക്കുമെന്ന് അധികൃതര്‍ വാഗ്ദാഗനം ചെയ്യുന്നു.
മറ്റു നഴ്‌സറികളെ അപേക്ഷിച്ച് ചെറിയ വിലക്കാണ് അധികൃതര്‍ വിവിധ ചെടിത്തൈകളും പൂച്ചെടികളും വീടുകളിലെത്തിക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സേവനവുമായി അങ്ങോട്ടു ചെല്ലുന്നതെന്ന് നഗരസഭ, നഗരാസൂത്രണ, പബ്ലിക് പാര്‍ക്‌സ് വിഭാഗം അഗ്രികള്‍ചറല്‍ എന്‍ജീനീയര്‍ ദലീല സലാം പറഞ്ഞു. ദോഹയില്‍ ഒരു ചടങ്ങിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രതിദിനം 150ലധികം തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. വൃക്ഷത്തൈകള്‍, ചെടികള്‍, പൂക്കള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. രണ്ടു റിയാല്‍ മുതല്‍ അഞ്ചു റിയാല്‍ വരെയാണ് വില. സീസണല്‍ ഫഌവറുകള്‍ക്ക് അമ്പത് ദിര്‍ഹമാണ് വില.
നഗരത്തിന്റെ പല ഭാഗങ്ങളിലും പാതയോരങ്ങളിലും പാര്‍ക്കുകളിലും സ്വകാര്യ സ്ഥലങ്ങളിലുമെല്ലാം വ്യത്യസ്തമായ ചെടികള്‍ വെച്ചുപിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. വീടുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ചെടികളും മരങ്ങളും നട്ടു വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു. തണുപ്പുകാലത്തേക്ക് അനുയോജ്യമായ ചെടികളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തണുപ്പുകാലം പ്ലാന്റേഷന് കൂടുതല്‍ അനുയോജ്യമായ സമയമാണ്. വീട്ടുമുറ്റങ്ങളും പറമ്പുകളും അടുക്കളക്കൃഷിയും പൂന്തോട്ടവുമൊരുക്കാന്‍ നഗരത്തില്‍ താമസിക്കുന്നവര്‍ തയാറാകണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചെടികള്‍ സൗജന്യ വിലയില്‍ സ്വീകരിക്കാം. വീടുകളുടെ ബാല്‍കണികളിലും ടെറസുകളിലും മിനി ഗാര്‍ഡനുകള്‍ സജ്ജമാക്കാം. പ്രഥമ ഘട്ടത്തില്‍ ദോഹയിലാണ് ഹരിതവത്കരണത്തിന് പ്രാമുഖ്യം നല്‍കുന്നതെന്നും ഭാവിയില്‍ മറ്റു നഗരസഭകളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. നേരിട്ടു വന്നു ചെടികള്‍ സ്വീകരിക്കുന്നതിനും സൗകര്യമുണ്ടെന്നും അവര്‍ അറിയിച്ചു.