ഇന്ത്യന്‍ ഹൈവേയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഖത്വര്‍ പ്രൊഫസര്‍

Posted on: December 15, 2015 7:58 pm | Last updated: December 15, 2015 at 7:58 pm

Untitled-1 copyദോഹ: ഇന്ത്യയില്‍ ഈയിടെ നിര്‍മിച്ച വലിയ ഹൈവേ പദ്ധതി പഠനവിധേയമാക്കി ഖത്വറിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസര്‍. ദി ഗോള്‍ഡന്‍ ഖ്വാഡ്രലേറ്ററല്‍ എന്ന ഹൈവേ എപ്രകാരമാണ് സാമ്പത്തികരംഗത്തെ ഉണര്‍വിനും ഗതാഗതമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനും രാജ്യത്തിന്റെ വരുമാനവര്‍ധനവിനും ഇടയാക്കിയതെന്നാണ് ഡോ. ജോസ് അസ്തൂറിയാസ് വിശകലനം ചെയ്തത്. ക്യാംപസില്‍ നടന്ന ഫാക്വല്‍ട്ടി റിസര്‍ച്ച് കൊളോക്കിയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.
ഇന്ത്യിയലെ 29 സംസ്ഥാനങ്ങളിലെ 95 ശതമാനം വില്‍പ്പന ഓഹരിയുള്ള 200 ഉത്പന്ന നിര്‍മാതാക്കളില്‍ നിന്നുള്ള വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. പുതിയ ഹൈവേ നിര്‍മിച്ചതിന് മുമ്പും ശേഷവുമുള്ള ചരക്ക് കടത്തിലെ ചെലവ് വിശകലനം ചെയ്തു. ദോഹയിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റിയിലെ സൂപര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് വിശകലനം ചെയ്തത്. പുതിയ ഹൈവേ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയുടെ വരുമാനത്തില്‍ 2.04 ശതമാനം നിരക്കില്‍ വര്‍ധനവുണ്ടായി. അതായത് പ്രതിവര്‍ഷം ഈ ഹൈവേ കൊണ്ടുള്ള ലാഭം 3.15 ബില്യന്‍ ഡോളര്‍. ഹൈവേ നിര്‍മാണത്തിന് 5.6 ബില്യന്‍ ഡോളര്‍ ആണ് ആയത്. പ്രധാന വ്യവസായ, കാര്‍ഷിക, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഹൈവേ ഉള്ളത്. ഗതാഗത ചെലവ് വികസ്വര രാഷ്ട്രങ്ങളില്‍ കൂടുതലാണ്. അമേരിക്കയില്‍ ഗതാഗത ചെലവ് പത്ത് ശതമാനവും ഇന്ത്യയില്‍ 45 ശതമാനവുമാണ്. ഇത് മത്സരം, വിപണി കാര്യക്ഷമത തുടങ്ങിയ മേഖലയിലും ആത്യന്തികമായി തൊഴിലാളി ക്ഷേമത്തിലും വലിയ ആഘാതങ്ങളുണ്ടാക്കും. പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പോംപ്യു ഫാബ്ര യൂനിവേഴ്‌സിറ്റിയിലെ മാനുവല്‍ ഗാര്‍ഷ്യ സാന്താന, ബേങ്ക് ഓഫ് സ്‌പെയിനിലെ റോബര്‍ട്ടോ റമോസ് എന്നിവരും ഡോ. അസ്തൂറിയാസിന്റെ ഗവേഷണത്തില്‍ പങ്കാളികളായി.
ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗ്രാന്റിന് പുറമെ പ്രൈവറ്റ് എന്റര്‍പ്രൈസസ് ഡെവലപ്‌മെന്റ് ഇന്‍ ലോ ഇന്‍കം കന്‍ട്രീസ്, യു കെ സര്‍ക്കാറിന്റെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്, സെന്റര്‍ ഫോര്‍ ഇകണോമിക് പോളിസി റിസര്‍ച്ച് എന്നിവയില്‍ നിന്നും ഗവേഷണത്തിന് ഗ്രാന്റ് ലഭിക്കുന്നുണ്ട്. ജി യു ക്യു കോളോക്കിയത്തില്‍ ദോഹയിലെയും മേഖലയിലെയും യൂനിവേഴ്‌സിറ്റികളിലെ ഗവേഷണ സംബന്ധിയായ ചര്‍ച്ചകളാണ് നടക്കുക.