ആശുപത്രിയിലെത്തിയെ രോഗിയുടെ മാലപൊട്ടിച്ച നാടോടികള്‍ പിടിയില്‍

Posted on: December 15, 2015 11:49 am | Last updated: December 15, 2015 at 11:49 am

മണ്ണാര്‍ക്കാട്: ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ തമിഴ് നാടോടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. ഇന്നലെ രാവിലെ 10മണിയോടെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണുവാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന തൃക്കളൂര്‍ അമ്പാഴക്കോട് മേപ്പാടത്ത് വീട്ടില്‍ രാജന്റെ ഭാര്യ സുലോചന (48)യുടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ കവിത, കാവേരി എന്നീ നാടോടി സ്ത്രീകളാണ് മാലപൊട്ടിച്ചത്. നാടോടികള്‍ മാലപൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ആസ്പത്രിയിലെത്തിയവരും നാടോടികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കവറില്‍ സൂക്ഷിച്ചിരുന്ന മലം സ്വന്തം ശരീരത്തില്‍ വാരിത്തേച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് നാടോടികളെ പിടികൂടിയത്. പൊട്ടിച്ച സ്വര്‍ണ്ണാഭരണം പോലീസ് കണ്ടെടുത്തു. നാടോടികളെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐ നൂര്‍ മുഹമ്മദ്, എ എസ് ഐ നാരായണന്‍കുട്ടി, കണ്ണദാസന്‍, ബിന്ദു, സുബദ്ര, അബുതാഹിര്‍, ശിവന്‍, റഫീക്ക് എന്നിവരുടെ നേതൃത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.