Connect with us

Malappuram

സാജിതയുടെ മരണം; നീതി തേടി കുടുംബത്തിന്റെ നിരാഹാര സമരം

Published

|

Last Updated

മലപ്പുറം: പാങ്ങ് പെരിഞ്ചോലക്കുളമ്പിലെ ചെങ്കല്‍ ക്വാറിയിലെ പാചകക്കാരിയായിരുന്ന ചോലശ്ശേരി സാജിതയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാങ്ങ് പൗരസമിതിയുടെ നേതൃത്വത്തില്‍ കുടുംബം കലക്ടറേറ്റ് പടിക്കല്‍ ഏകദിന നിരാഹാര സമരം നടത്തി. മാതാവ് ഖദീജ, പിതാവ് മൂസ സഹോദരങ്ങളായ സമദ്, സുലൈമാന്‍ മറ്റ് കുടുംബാംഗങ്ങളായ 42ഓളം പേരാണ് സമരത്തില്‍ പങ്കെടുത്തത്.
സംഭവത്തിന് ശേഷം കാണാതായ ക്വാറി തൊഴിലാളികളായിരുന്ന ആസാം സ്വദേശികളെ കൊണ്ടുവരാന്‍ പോലീസ് പണം ആവശ്യപ്പെട്ടതനുസരിച്ച് അന്‍പതിനായിരം രൂപ നാട്ടുകാര്‍ പിരിച്ച് നല്‍കിയതായി പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു. സംഭവം നടന്ന് ആഴ്ചകളായിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇവരുടെ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും പലരെയും സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. വാര്‍ഡ് അംഗം എ പി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. പൗരസമിതി ഭാരവാഹികളായ കണക്കയില്‍ അബ്ദുല്‍നാസര്‍, വി പി ഗിരീഷ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിഹാബ് പൂഴിത്തറ പ്രസംഗിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കി ഘാതകരെ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന് കുടുംബം പരാതി നല്‍കി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്കും മാര്‍ച്ചും നടത്തുന്നുണ്ട്.