കുരുന്നുകള്‍ക്ക് ഭക്ഷണവും ടി വിയും നല്‍കി പഞ്ചായത്ത് പ്രസിഡന്റിന്റെ വിടവാങ്ങല്‍

Posted on: December 15, 2015 11:41 am | Last updated: December 15, 2015 at 11:41 am

കാളികാവ്: അങ്കണ്‍വാടിയിലെ കുരുന്നുകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭക്ഷണവും പഠനത്തിനും വിനോദത്തിനുമായി ടെലിവിഷന്‍ സെറ്റും നല്‍കി പഞ്ചായത്ത് പ്രസിഡന്റിന്റെ വിടവാങ്ങല്‍ ചടങ്ങ് വേറിട്ടതായി. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് മാട്ടറ ലൈലയുടെ വിടപറയല്‍ ചടങ്ങാണ് കാരുണ്യ പ്രവര്‍ത്തനം കൊണ്ട് വേറിട്ടതായി മാറിയത്. ഈ മാസം 26ന് ഗ്രാമ പഞ്ചായത്ത് ഭരണസാരഥ്യത്തില്‍ നിന്നും പടിയിറങ്ങുന്ന ലൈല തന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഉദരംപൊയലില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള അങ്കണ്‍വാടിയിലെ കുരുന്നുകള്‍ക്കാണ് വിഭവ സമൃദ്ധമായ സദ്യയും കൂടെ ടെലിവിഷനും സമ്മാനിച്ചത്. ചടങ്ങില്‍ അറുപത് വയസ്സ് പിന്നിട്ട കാരണവന്‍മാരെ പങ്കെടുപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് അംഗമായിരിക്കുമ്പോള്‍ തന്നെ ഇവര്‍ സ്വന്തമായി ചേനപ്പാടി ആദിവാസികള്‍ക്ക് വസ്ത്രവും ഭക്ഷണവുമെല്ലാം നല്‍കിയിരുന്നു.