അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്

Posted on: December 15, 2015 10:21 am | Last updated: December 16, 2015 at 9:19 am

Kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫിസില്‍ സിബിഐ റെയ്ഡ്. കെജ്‌രിവാളിന്റെ ഓഫീസ് സീല്‍ ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയും ചെയ്തു. റെയ്ഡിനുള്ള കാരണം സിബിഐ ഉദ്യോഗസ്ഥര്‍ ഓഫീസ് ജീവനക്കാരെപ്പോലും ധരിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു റെയ്ഡ്.

ഓഫീസ് സീല്‍ ചെയ്തത് കാരണം കെജ്‌രിവാളിന് ഓഫീസില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം എഎപിയെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് മോദി ഇത്തരം ഭീരുത്വം ചെയ്യുന്നതെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. മോദി ഭീരുവും മനോരോഗിയുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഏത് ഫയല്‍ വേണമെങ്കിലും മോദിയെ ഏല്‍പ്പിക്കാമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിനെതിരായ കേസിലാണ് റെയ്‌ഡെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഓഫീസ് സീല്‍ ചെയ്തിട്ടില്ലെന്നും സിബിഐ അറിയിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് രജീന്ദ്രകുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കികൊടുത്തെന്നും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്.

സിബിഐ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണെന്നും അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും റെയ്ഡ് നടത്തിയതെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസാണ് സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തത്. ഇപ്പോള്‍ സിബിഐ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും റെയ്ഡില്‍ ഒരു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.