Connect with us

National

ജനം പൊറുക്കണമെന്ന് ഉള്‍ഫാ നേതാവ്

Published

|

Last Updated

ഗുവാഹത്തി: നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഉള്‍ഫാ നേതാവ് അനൂപ് ഛേതിയുടെ കുറ്റസമ്മതം. തനിക്ക് അസം ജനത മാപ്പുതരണമെന്നും ചെയ്തുപോയ തെറ്റുകള്‍ പൊറുക്കണമെന്നും ഉള്‍ഫ ജനറല്‍ സെക്രട്ടറിയായ ഛേതിയ അഭ്യര്‍ഥിച്ചു. ബംഗ്ലാദേശില്‍ നിന്ന് നാടുകടത്തിയ ഇയാളെ ടാഡാ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഗുവാഹത്തിയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാധ്യമങ്ങളോട് കുറ്റസമ്മതം നടത്തിയത്. തങ്ങളുടെ ആക്രമണങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും കഴിഞ്ഞ 15 വര്‍ഷമായി ബംഗ്ലാദേശ് ജയിലിലായിരുന്ന ഛേതിയ പറഞ്ഞു. പലരും വിചാരിക്കുന്നത് താന്‍ സമാധാന ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു എന്നാണ്. സര്‍ക്കാറിന്റെ സന്ധിസംഭാഷണങ്ങളോട് താന്‍ എതിരല്ല. തന്നെ നാട്ടിലെത്തിക്കാന്‍ സഹായിച്ച പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, അസം മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് ഛേതിയ നന്ദി പറഞ്ഞു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അതിര്‍ത്തി കടന്നതിനും അനധികൃതമായി വിദേശ പണം കൈവശം വെച്ചതിനുമാണ് 1997ല്‍ അനൂപ് ഛേതിയയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഉള്‍ഫയുമായുള്ള സമാധാന സംഭാഷണങ്ങളില്‍ ഛേതിയക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഉള്‍ഫാ ഭീകരതക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രം ഛേതിയയുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest