Connect with us

Kerala

സാങ്കേതിക തടസ്സങ്ങളേറെ; പാക്കിസ്ഥാന്‍ പൗരനുമായി പോലീസ് വട്ടം കറങ്ങുന്നു

Published

|

Last Updated

കാസര്‍കോട്: മൂന്ന് വര്‍ഷം മുമ്പ് യാത്രാ രേഖകളില്ലാതെ കാസര്‍ക്കോട്ടെത്തുകയും പോലീസ് പിടിയിലായി ജയിലിലടക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാന്‍ പൗരന്‍ അബ്ദുല്‍ ബശീര്‍ (36) എന്ന യുവാവിന്റെ കാര്യത്തില്‍ പോലീസ് വട്ടം കറങ്ങുന്നു. ഒരാഴ്ചയായി ബശീറിന്റെ താമസവും ഭക്ഷണവും പോലീസ് സ്‌റ്റേഷനില്‍തന്നെയാണ്. യുവാവിന്റെ ഓരോദിവസത്തേയും ചിലവ് ഇപ്പോള്‍ പോലീസുകാരുടെ പോക്കറ്റില്‍ നിന്നാണ് പോകുന്നത്. ബശീര്‍ സഊദി പൗരന്‍തന്നെയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
സഊദിയിലെ ഒരാളുമായി ബന്ധപ്പെട്ട് ബശീര്‍ പറഞ്ഞ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ യുവാവിന്റെ മാതാപിതാക്കള്‍ അവിടെ താമസിക്കുന്നുണ്ടെന്നും യുവാവിന് സഊദി പാസ്‌പോര്‍ട്ട് ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. സഊദിയിലെ മക്കയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പാസ്‌പോര്‍ട്ടിന്റെ കോപ്പി അയച്ചു നല്‍കാമെന്നും യുവാവിനെക്കുറിച്ച് അന്വേഷിച്ച സഊദി സ്വദേശി വ്യക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയതിന്റെ പേരില്‍ ജയിലിലായ ബശീറിനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. തടവ് നേരത്തെ അനുഭവിച്ചതിനാല്‍ ഇയാളെ നാടുകടത്താന്‍ പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മോചിതനായ ഇയാളെ കാസര്‍ക്കോട് ടൗണ്‍ പോലീസ് ഏറ്റുവാങ്ങുകയായിരുന്നു.